സത്യ നാദെല്ലയുടെ പ്രസംഗം തടസ്സപ്പെടുത്തി; പലസ്തീന്‍ അനുകൂല ജീവനക്കാരനെ പുറത്താക്കി മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി: സിഇഒ സത്യ നാദെല്ലയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ജീവനക്കാരനെ ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് പുറത്താക്കി. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇസ്രായേല്‍ സൈന്യത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സിഇഒ സത്യ നാദെല്ലയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ജീവനക്കാരനാണ് ജോലി നഷ്ടമായത്.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ്-കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമായ അസ്യൂറിന്റെ ഭാഗമായി ജോലി ചെയ്തിരുന്ന ജോ ലോപ്പസ് എന്ന ജീവനക്കാരനാണ് പുറത്താക്കപ്പെട്ടത്. സിയാറ്റിലില്‍ നടന്ന മൈക്രോസോഫ്റ്റിന്റെ വാര്‍ഷിക ബില്‍ഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സത്യനാദെല്ല സംസാരിക്കവെയാണ് ജോ പ്രതിഷേധമുയര്‍ത്തിയതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധം നടത്താനുള്ള തന്റെ തീരുമാനം വിശദീകരിച്ച് കമ്പനിയുടെ എല്ലാ ജീവനക്കാര്‍ക്കും ജോ ലോപ്പസ് ഒരു ഇമെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു.

ഗാസയിലെ യുദ്ധത്തിനായി ഇസ്രായേല്‍ സൈന്യത്തിന് എഐ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ആഴ്ച സമ്മതിച്ചു. എന്നിരുന്നാലും, മേഖലയിലെ സിവിലിയന്മാരെ നേരിട്ട് ലക്ഷ്യം വയ്ക്കാനോ ഉപദ്രവിക്കാനോ തങ്ങളുടെ എഐ ഉപകരണങ്ങള്‍ ഉപയോഗിച്ചതായി ഇതുവരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറഞ്ഞു.

മൈക്രോസോഫ്റ്റിനെതിരെ കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. ഏപ്രില്‍ 6 ന്, ഇബ്തിഹാല്‍ അബൂസാദ്, വാനിയ അഗര്‍വാള്‍ എന്നീ രണ്ട് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ ഒരു മൈക്രോസോഫ്റ്റ് എഐ പരിപാടി തടസ്സപ്പെടുത്തുകയും കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേധാവി – മുസ്തഫ സുലൈമാനെ യുദ്ധ ലാഭം കൊയ്യുന്നയാളെന്ന് വിളിക്കുകയും ചെയ്തു. പിന്നാലെ ഇരുവരെയും പുറത്താക്കിയിരുന്നു.

ഇസ്രായേല്‍ സൈന്യവുമായും സര്‍ക്കാരുമായും ഉള്ള കരാറുകളെച്ചൊല്ലി കഴിഞ്ഞ വര്‍ഷം ഗൂഗിളിലും സമാനമായ ആഭ്യന്തര പ്രതിഷേധങ്ങളും കൂട്ട പിരിച്ചുവിടലുകളും സംഭവിച്ചിരുന്നു.

More Stories from this section

family-dental
witywide