
തിരുവനന്തപുരം: ആശാ വർക്കർമാർ നിരാഹാര സമരം തുടങ്ങിയതോടെ പ്രതിപക്ഷവും നിലപാട് ശക്തമാക്കി രംഗത്തെത്തി. ഇന്ന് നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ള യു ഡി എഫ് എം എൽ എമാർ, ആശാ വർക്കർമാരുടെ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിയമസഭയിൽ നിന്നും പ്രകടനമായെത്തിയ പ്രതിപക്ഷ സംഘം സെക്രട്ടേറിയേറ്റിൽ നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാരെ നേരിൽ കണ്ട് ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകി.
ആശാ വർക്കർമാരെ അഭിവാദ്യം ചെയ്ത പ്രതിപക്ഷ നേതാവ്, സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സമരം തീർക്കണമെന്ന് മുഖ്യമന്ത്രിയോടെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമം ഉണ്ടാകണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. നിരാഹാര സമരം തുടങ്ങിയത് സമരത്തിലെ വഴിത്തിരിവാണ്. സമരത്തിന് ആശമാർക്ക് കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്, പാർലമെന്റിൽ കോൺഗ്രസ് എംപിമാരും ആശമാർക്കായി പോരാട്ടം നടത്തുകയാണെന്നും വിഷയം രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് കോൺഗ്രസ് എംപിമാരാണെന്നും അവകാശപ്പെട്ടു.
ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. 39 ദിവസമായി തുടരുന്ന രാപകൽ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് ഇന്ന് നിരാഹാര സമരം തുടങ്ങിയത്. രണ്ടുവട്ടം ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടും ഓണറേറിയം 21,000 രൂപയാക്കണം വിരമിക്കൽ അനുകൂല്യമായി 5 ലക്ഷം നൽകണം തുടങ്ങിയ ആശമാരുടെ ആവശ്യത്തോട് അനുകൂല തീരുമാനമുണ്ടാകാത്തതോടെയാണ് സമരം കൂടുതൽ ശക്കമാക്കിയത്.