ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡി സതീശൻ; സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ, ആശമാരുടെ ഓണറേറിയത്തിൽ വർധനവ്

പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര സൗജന്യമായിരിക്കും. ആശമാരുടെ ഹോണറേറിയത്തിൽ 3000 രൂപ വർദ്ധിപ്പിച്ചു. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇനിയും കൂട്ടുമെന്നും ആശമാര്‍ക്ക് യുഡിഎഫ് നല്‍കിയ വാക്ക് പാലിച്ചെന്നും വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അങ്കണവാടി ജീവനക്കാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനയുണ്ട്. പാചക തൊഴിലാളികള്‍ക്ക് 1000 രൂപ കൂട്ടി. പ്രീ പ്രൈമറി ആയമാര്‍ക്കും 1000 രൂപ കൂട്ടി. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുന്‍മന്ത്രിയും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരനെ പ്രൊ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായും സ്പീക്കര്‍ തിരഞ്ഞെടുപ്പ് മെയ് 22ന് നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 21നാണ് നടക്കുക. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ധവളപത്രമിറക്കും. ടി അസിഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി നിശ്ചയിച്ചു. അഡ്വ. ജെയ്ജു ബാബു പുതിയ അഡ്വക്കേറ്റ് ജനറലാകും. ഒരു തീരുമാനങ്ങളും വൈകിയിട്ടില്ലെന്നും റെക്കോര്‍ഡ് സ്പീഡിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

സദസിനിടെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ യുവാക്കളെ ഗണ്‍മാനുള്‍പ്പെടെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവം കേരളത്തെ നടുക്കിയതാണെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം കൂടി മാനിച്ചാണ് എസ്‌ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമൊന്നുമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Chief Minister VD Satheesan makes popular announcements; Free travel for women from June 15, increase in honorarium for ASHAs