”ഭാരതാംബയുടെ ചിത്രം മാറ്റില്ല; എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകും” നിലപാട് കടുപ്പിച്ച് രാജ്ഭവന്‍

തിരുവനന്തപുരം : ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവന്‍. ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവന്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവര്‍ണര്‍. മാത്രമല്ല, ചിത്രത്തിന് മുന്നില്‍ വിളക്കുവെക്കുമെന്നും രാജ്ഭവന്‍ നിലപാട് കടുപ്പിച്ചു.

ഇതോടെ ഇനി രാജ്ഭവനില്‍ സര്‍ക്കാര്‍ പരിപാടികള്‍ നടക്കാനുള്ള സാധ്യതകള്‍ മങ്ങിയെന്നാണ് വിലയിരുത്തലുകള്‍. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനില്‍ നടക്കുകയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

അതേസമയം, ശിവന്‍കുട്ടിയുടെ പ്രോട്ടോകോള്‍ ലംഘനത്തില്‍ രാജ്ഭവന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കില്ലെന്നും മന്ത്രിക്കെതിരായ പ്രസ്താവനയില്‍ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും വിവരമുണ്ട്.

വ്യാഴാഴ്ച രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നടപടി പ്രോട്ടോക്കേള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവന്‍ പ്രസ്താവന ഇറക്കിയിരുന്നു.

ഭാരതാംബ വിവാദത്തില്‍ സര്‍ക്കാര്‍ ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് വിവാദത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയില്‍ എന്തൊക്കെ ചിഹ്നങ്ങള്‍ വെക്കണമെന്ന പ്രോട്ടോക്കോള്‍ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.
നിയമോപദേശം ലഭിച്ചതിന് ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

More Stories from this section

family-dental
witywide