
വാഷിംഗ്ടണ്‍: യുഎസ് ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റലിന്റെ തലവനോട് ‘ഉടന്‍’ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്റല്‍ സിഇഒ ലിപ്-ബു ടാന് ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നീക്കം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് രാജി ആവശ്യം ഉയര്‍ത്തിയത്. ഒരു കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവിന്റെ രാജി ആവശ്യപ്പെടുന്ന അസാധാരണമായ നീക്കമാണ് പ്രസിഡന്റ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
”ഇന്റല്‍ സിഇഒ ഉടന്‍ രാജിവയ്ക്കണം. ഈ പ്രശ്‌നത്തിന് മറ്റൊരു പരിഹാരവുമില്ല. ഈ വിഷയത്തില്‍ താങ്കളുടെ ശ്രദ്ധയ്ക്ക് നന്ദി”- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസ് പറയുന്ന കമ്പനികളില്‍ ടാനിന് നിക്ഷേപമുണ്ടെന്നതാണ് ആരോപണത്തെ ബലപ്പെടുത്തുന്നത്. ചൈനയിലെ സെമികണ്ടക്ടര്‍ കമ്പനികളിലെ ടാന്റെ നിക്ഷേപങ്ങള്‍, സൈന്യവുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഇന്റല്‍ ബോര്‍ഡിന്റെ ചെയര്‍മാനോട് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണ്‍ ചോദ്യങ്ങളുന്നയിച്ചിരുന്നു. യുഎസിന്റെ കയറ്റുമതി ചട്ടങ്ങള്‍ ലംഘിച്ചതിന് അടുത്തിടെ കുറ്റസമ്മതം നടത്തിയ ‘കേഡന്‍സ് ഡിസൈന്‍ സിസ്റ്റംസ്’ എന്ന കമ്പനിയിലാണ് ടാന്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്നത്.















