അമ്മയുടെ ആ സമ്മാനം അന്ത്യയാത്രയില്‍ മകന്റെ പെട്ടിയില്‍ വെച്ചു, ചലനമറ്റ മകന്റെ ഹൃദത്തിനരികെ സ്മാര്‍ട്ട് വാച്ചിന് ഒരിടം

അണക്കര: ചലനമറ്റ മകന്റെ ഹൃദയത്തോട് ചേര്‍ന്ന് അമ്മ സമ്മാനിച്ച സ്മാര്‍ട്ട് വാച്ച് കടന്നുപോകുന്ന കാലവും സമയവും രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അതൊന്നു കണ്ണു തുറന്നുനോക്കാനോ അമ്മയുടെ സമ്മാനത്തിന് പകരമായി വലിയൊരു ചിരി തിരികെ നല്‍കാനോ അവന് ആയില്ല… അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി പതിനേഴുകാരന്‍ ഷാനറ്റ് യാത്രയായി.

കഴിഞ്ഞ ചൊവ്വാഴ്ച ബൈക്കപകടത്തില്‍ മരിച്ച അണക്കര വെള്ളറയില്‍ ഷാനറ്റ് ഷൈജുവിന്റെ സംസ്‌കാരച്ചടങ്ങിലായിരുന്നു വികാരനിര്‍ഭരമായ നിമിഷങ്ങള്‍. അണക്കര ചെല്ലാര്‍കോവിലിനു സമീപം കഴിഞ്ഞ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണു വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ വെള്ളറയില്‍ ഷാനറ്റ് ഷൈജു, അലന്‍ കെ.ഷിബു എന്നിവര്‍ മരിച്ചത്. അലന്റെ സംസ്‌കാരം തൊട്ടടുത്ത ദിവസം നടത്തിയിരുന്നു. എന്നാല്‍, കുവൈത്തില്‍ ഏജന്‍സിയുടെ തൊഴില്‍ത്തട്ടിപ്പിനിരയായി തടങ്കലില്‍ കഴിഞ്ഞിരുന്ന അമ്മ ജിനു എത്താന്‍ വൈകിയതിനാലാണ് ഷാനറ്റിന്റെ സംസ്‌കാരം വൈകിയത്. തിങ്കളാഴ്ച വൈകിട്ടാണു ജിനു നാട്ടിലെത്തിയത്. ചൊവ്വാഴ്ചയായിരുന്നു ഷാനറ്റിന്റെ സംസ്‌കാരം.

ഷാനറ്റിന്റെ വലിയ ആഗ്രഹമായിരുന്നു ഒരു സ്മാര്‍ട് വാച്ച് വേണം എന്നത്. അമ്മ ജിനു ആദ്യ ശമ്പളത്തില്‍നിന്നു മകനു സ്മാര്‍ട് വാച്ച് വാങ്ങി കരുതിവെച്ചു. എന്നാല്‍ മകന്റെ ചേതനയറ്റ ശരീരത്തില്‍ അത് സമ്മാനിക്കാനേ ദുരിതങ്ങള്‍ പേറിയെത്തിയ അമ്മയ്ക്ക് ആയുള്ളൂ.

More Stories from this section

family-dental
witywide