
ആലപ്പുഴ: നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ ജി. സുധാകരൻ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയെ പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. എംഎൽഎ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ജി. സുധാകരന്റെ പരാമർശങ്ങൾ. മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ സംസാരിക്കുമ്പോൾ അതിന് മറുപടി പറയാൻ പ്രതിപക്ഷ നിരയിൽ ആരും മുന്നോട്ട് വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നിരയിലുള്ള മുതിർന്ന നേതാക്കൾ പോലും സഭയിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും പരാമർശിച്ച സുധാകരൻ, സഭയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കാര്യമായി അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞു. മുൻ ധനമന്ത്രി തോമസ് ഐസക് സഭയിലുണ്ടായിരുന്നെങ്കിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ ഉണ്ടായേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ല” എന്ന പരാമർശത്തിലൂടെ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളെയും സുധാകരൻ ചോദ്യം ചെയ്തു. ശരിയായ കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ പോലും പ്രതിപക്ഷത്തിനുള്ളിൽ ആളില്ലാത്ത അവസ്ഥയാണുള്ളതെന്നും സഭയിൽ പ്രതിപക്ഷത്തിന്റെ പ്രകടനം ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യതലത്തിൽ സിപിഎം കോൺഗ്രസിന്റെ പിന്തുണയെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും ജി. സുധാകരൻ വിമർശിച്ചു. കേരളത്തിന് പുറത്തുള്ള പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പിന്തുണയില്ലാതെ സിപിഎമ്മിന് രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ വിശ്വാസ്യത ഗണ്യമായി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അടുത്ത കാലത്തൊന്നും പാർട്ടിക്ക് തിരിച്ചുവരവ് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ കോൺഗ്രസിന്റെ സുവർണകാലഘട്ടമാണ് രൂപപ്പെടുന്നതെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു.















