ഇന്റലിനെ വരുതിയിലാക്കി ട്രംപ്; കമ്പനിയുടെ ഓഹരിയില്‍ 10 ശതമാനം സര്‍ക്കാരിന്, അസാധാരണ നീക്കവുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പ്പറേഷന്റെ പത്തു ശതമാനത്തോളം ഉടമസ്ഥാവകാശ ഓഹരികള്‍ ഇനി ഫെഡറല്‍ സര്‍ക്കാരിന്. ഇതിനുള്ള ഒരു കരാര്‍ ഒപ്പുവെച്ചുകൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുഎസ് ടെക് മേഖലയില്‍ അതിശയകരമായ ഒരു ഇടപെടലാണ് ഇതോടെ യുഎസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

സര്‍ക്കാരിന്റെ പിന്തുണയോടെ സ്വകാര്യ വ്യാവസായിക വിപണിയിലേക്കുള്ള കടന്നുകയറ്റമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു നയത്തിന്റെ പുതിയ യുഗത്തിന് സൂചന നല്‍കുന്നതാണ് ട്രംപിന്റെ നീക്കം. ഓഹരി സര്‍ക്കാരിനും സ്വന്തമാകുന്നതോടെ ഇന്റല്‍ ഇനി പൂര്‍ണമായ ഒരു സ്വകാര്യ കമ്പനിയായിരിക്കില്ല.

ആഴ്ചകള്‍ക്കുമുമ്പാണ് ഇന്റല്‍ സിഇഒയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നത്. സിഇഒ ലിപ്ബു ടാന്റെ രാജി ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് നേരിട്ട് രംഗത്തെത്തിയത് അസാധാരണ നടപടിയായിരുന്നു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു തന്റെ ആവശ്യം ട്രംപ് അറിയിച്ചത്. ടാന് ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെയായിരുന്നു ട്രംപിന്റെ നടപടി. ഇത്തരത്തില്‍ ഇന്റലിനെ ഒന്നു തളര്‍ത്തിയ ശേഷമായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണായക നീക്കം. ഇന്റലിന്റെ 10% ഓഹരികള്‍ യുഎസ് ഏറ്റെടുക്കുമെന്നും അത്തരം കൂടുതല്‍ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.

അതേസമയം, അമേരിക്കയിലെ സെമികണ്ടക്ടര്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ആഗോള ചിപ്പ് നിര്‍മ്മാണ വ്യവസായത്തില്‍ യുഎസിനെ ഒരു നേതാവായി ഉറപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കരാര്‍. ട്രംപിന്റെ രണ്ടാം ടേമിന്റെ ഇതുവരെയുള്ള നീക്കങ്ങളില്‍ സുപ്രധാനമായ ഒന്നാണിത്.

More Stories from this section

family-dental
witywide