വാഷിങ്ടൺ: 2001 സെപ്റ്റംബർ 11ലെ അമേരിക്കയിലെ ഭീകരാക്രമണങ്ങൾക്ക് വർഷങ്ങൾക്കുമുമ്പ് തന്നെ ഇന്ത്യയിൽ ആക്രമണം നടത്താനുള്ള സാധ്യത അൽഖായിദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ പരിഗണിച്ചിരുന്നതായി 1998ലെ സിഐഎയുടെ രഹസ്യരേഖകൾ. സെപ്റ്റംബർ 11 ആക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) പുറത്തുവിട്ട രഹസ്യരേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ജോർജ് ഡബ്ല്യു. ബുഷിനുമായി തയ്യാറാക്കിയ നിരവധി രഹസ്യാന്വേഷണ റിപ്പോർട്ടുകളിലായി 100ലേറെ പേജുകളാണ് സിഐഎ പുറത്തുവിട്ടത്.
1998 ഓഗസ്റ്റ് 28ന് തയ്യാറാക്കിയ പ്രസിഡന്റിന്റെ പ്രതിദിന രഹസ്യാന്വേഷണ റിപ്പോർട്ടിൽ ‘Bin Laden terrorist network still a threat’ എന്ന തലക്കെട്ടിന് കീഴിലാണ് ഇന്ത്യയെക്കുറിച്ചുള്ള പരാമർശമുള്ളത്. ഒസാമ ബിൻ ലാദൻ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നതായി രേഖ പറയുന്നു. ഈജിപ്ത്, അറേബ്യൻ ഉപദ്വീപ്, പ്രത്യേകിച്ച് കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഇന്ത്യ, പാകിസ്താൻ, ഉഗാണ്ട, ഒരുപക്ഷേ നൈജീരിയ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ ഉദ്ദേശിച്ചിരുന്നതായാണ് റിപ്പോർട്ടിലെ പരാമർശം. എന്നാൽ ഇന്ത്യയിൽ ഏത് ലക്ഷ്യത്തെയാണ് ആക്രമിക്കാൻ ഉദ്ദേശിച്ചതെന്ന് രേഖയിൽ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിനുള്ള തീയതിയോ പ്രവർത്തനപദ്ധതിയുടെ വിശദാംശങ്ങളോ നൽകിയിട്ടില്ല. രഹസ്യവിവരത്തിന്റെ ഉറവിടവും രേഖയിൽ മറച്ചുവെച്ചിട്ടുണ്ട്.
കുറഞ്ഞത് 60 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന വ്യക്തികളുടെയും സഖ്യസംഘടനകളുടെയും ശൃംഖല ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താൻ ബിൻ ലാദന് കഴിയുമായിരുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തി.അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിനുള്ള സാധ്യതകൾ ബിൻ ലാദൻ പരിഗണിച്ചിരുന്നുവെന്നും കൃത്യമായ ലക്ഷ്യങ്ങളോ സമയക്രമമോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ടിറാനയിലും ഒരുപക്ഷേ ബാക്കുവിലും ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയായിരുന്ന ബിൻ ലാദന്റെ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യാൻ അമേരിക്കൻ ഉദ്യോഗസ്ഥർ സഹായിച്ചതായും രേഖയിൽ പറയുന്നു.
വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ബിൻ ലാദന്റെ ശക്തമായ ശൃംഖല ആ മേഖലകളിലെ അമേരിക്കൻ താൽപര്യങ്ങൾ ലക്ഷ്യമിട്ടേക്കാമെന്ന റിപ്പോർട്ടുകൾക്ക് വിശ്വാസ്യത നൽകുന്നതായും സിഐഎ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന ബിൻ ലാദനും മറ്റ് ഭീകരനേതാക്കളും 1998 ഓഗസ്റ്റിൽ അമേരിക്ക നടത്തിയ മിസൈൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നതായും അവരുടെ ആശയവിനിമയ ശൃംഖല തകരാതെ തുടരുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചില പരിശീലന ക്യാംപുകളിൽ പരിശീലനം പുനരാരംഭിച്ചപ്പോൾ മറ്റു ചില ക്യാംപുകൾ മാറ്റിസ്ഥാപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കെനിയയിലെയും ടാൻസാനിയയിലെയും അമേരിക്കൻ എംബസികൾക്ക് നേരെയുണ്ടായ ബോംബാക്രമണങ്ങൾക്ക് പിന്നാലെ 1998 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനിലെയും സുഡാനിലെയും അൽഖായിദ കേന്ദ്രങ്ങളെന്ന് സംശയിച്ച സ്ഥലങ്ങളിൽ അമേരിക്ക മിസൈൽ ആക്രമണം നടത്തിയത്. അതിന് പിന്നാലെയാണ് ഈ രഹസ്യാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. മൂന്ന് വർഷത്തിന് ശേഷം, 2001 സെപ്റ്റംബർ 11ന് അൽഖായിദയിലെ 19 അംഗങ്ങൾ അമേരിക്കയിൽ നാല് യാത്രാവിമാനങ്ങൾ തട്ടിയെടുത്തു. രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചുകയറി. മൂന്നാമത്തെ വിമാനം വിർജീനിയയിലെ ആർലിങ്ടണിലുള്ള പെന്റഗണിൽ ഇടിച്ചു.
യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 ആയ നാലാമത്തെ വിമാനം, യാത്രക്കാർ തട്ടിക്കൊണ്ടുപോയവർക്കെതിരെ ചെറുത്തുനിന്നതിനെ തുടർന്ന് പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നുവീണു. വൈറ്റ് ഹൗസോ യുഎസ് ക്യാപിറ്റളോ ഉൾപ്പെടെയുള്ള വാഷിങ്ടണിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു വിമാനത്തിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. 19 ഭീകരർ ഉൾപ്പെടെ ഏകദേശം 3,000 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 9/11 ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ അമേരിക്ക അധിനിവേശം നടത്തി. അൽഖായിദ നേതാക്കളായ ബിൻ ലാദനും മറ്റ് നേതാക്കൾക്കും പ്രവർത്തിക്കാൻ അന്നത്തെ താലിബാൻ ഭരണകൂടം അവസരം നൽകിയിരുന്നു.
2011 മേയ് 2ന് പാകിസ്താനിലെ അബോട്ടാബാദിൽ അമേരിക്ക നടത്തിയ ഹെലികോപ്റ്റർ റെയ്ഡിലാണ് ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയായിരുന്നു അദ്ദേഹത്തിന്റെ ഒളിത്താവളം. 9/11 ആക്രമണത്തിന്റെ സൂത്രധാരനെ കണ്ടെത്താനുള്ള ഏകദേശം ഒരു ദശാബ്ദം നീണ്ട വേട്ടയ്ക്കാണ് ഇതോടെ അവസാനമായത്. 9/11 ആക്രമണങ്ങൾക്ക് മൂന്ന് വർഷത്തിലേറെ മുമ്പ് തന്നെ ബിൻ ലാദന്റെ ശൃംഖലയുടെ വ്യാപ്തിയും സ്വാധീനവും എത്രത്തോളം ഉണ്ടായിരുന്നുവെന്നതിലേക്ക് പുതിയതായി പുറത്തുവിട്ട സിഐഎ രേഖകൾ വെളിച്ചം വീശുന്നു. 1998ൽ തന്നെ ആക്രമണത്തിനുള്ള സാധ്യത പരിഗണിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നുവെന്ന് രേഖ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തെയോ കൃത്യമായ ആക്രമണപദ്ധതിയെയോ കുറിച്ചുള്ള തെളിവുകളൊന്നും രേഖയിൽ ഇല്ല.
Before 9/11, Osama bin Laden eyed India for terror attacks, CIA documents show










