ഭൂരിപക്ഷം തെളിയിക്കാൻ 118 പേരുടെ ഒപ്പ് വേണം; വിജയിയെ വീണ്ടും തിരിച്ചയച്ച് ഗവർണർ; തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാനുള്ള തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയുടെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. പിന്തുണക്കത്ത് ഇല്ലാത്തതിനാൽ വിജയിനെ രണ്ടാമത്തെ ദിവസവും ഗവർണർ തിരിച്ചയച്ചു. കേവല ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർദ്ദേശിച്ചു. ഇതോടെ വിജയിയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി.

234 അംഗങ്ങളുള്ള നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെ നേടിയത്. കോൺഗ്രസിൻ്റെ 5 അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചതോടെ വിജയിയുടെ പക്ഷത്തുള്ളവരുടെ എണ്ണം 113 ആയി ഉയർന്നെങ്കിലും, കേവല ഭൂരിപക്ഷത്തിന് ഇനിയും 5 അംഗങ്ങളുടെ കുറവുണ്ട്. പിന്തുണ നൽകുന്ന എംഎൽഎമാരുടെ ഒപ്പ് സഹിതമുള്ള പട്ടിക സമർപ്പിച്ചാൽ മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കൂ എന്ന ഉറച്ച നിലപാടിലാണ് രാജ്ഭവൻ. ഇന്ന് രാവിലെ 11 മണിയോടെയാണ് വിജയ് ഗവർണറെ കണ്ടത്.

കുറഞ്ഞത് 118 പേരുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് കൂടുതൽ സമയം തേടിയിട്ടുണ്ട്. വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), ഇടതുകക്ഷികൾ എന്നിവരുടെ പിന്തുണ നേടാനുള്ള തീവ്രശ്രമത്തിലാണ് ടിവികെ ക്യാമ്പ്. എന്നാൽ ഗവർണറുടെ നടപടിക്കെതിരെ നിയമപോരാട്ടം നടത്താനുള്ള സാധ്യതകളും പാർട്ടി ആലോചിക്കുന്നുണ്ട്. വരും മണിക്കൂറുകളിലെ രാഷ്ട്രീയ നീക്കങ്ങൾ തമിഴ്‌നാട് ഭരണത്തിൽ നിർണ്ണായകമാകും.

അതേസമയം, സർക്കാർ രൂപീകരണ അനിശ്ചിതത്വം തുടരുന്നതിനിടെ 25 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ. പുതുച്ചേരിയിലുള്ള റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്. പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കും എന്ന വാർത്തകൾ‍ വന്നതിന് പിന്നാലെയാണ് എംഎൽഎമാരെ ഒരുമിച്ച് നിർ‌ത്താനുള്ള നീക്കം.

118 signatures needed to prove majority; Governor sends Vijay back; Government formation in crisis in Tamil Nadu

More Stories from this section

family-dental
witywide