
വാഷിംഗ്ടൺ: അമേരിക്കൻ സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഉള്ളുലയ്ക്കുന്ന ഒരു നോവായി മാറുകയാണ് ഗൗതം ഡേ എന്ന ഇന്ത്യൻ എഞ്ചിനീയറുടെ അനുഭവം. വിസ നടപടികളിലെ നൂലാമാലകൾ കാരണം ക്യാൻസർ ബാധിച്ച് മരണക്കിടക്കയിലായിരുന്ന അമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ പോയ ഒരു മകൻ്റെ വേദനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
2007-ലാണ് ഗൗതം ഡേ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ഭാഗമായി അമേരിക്കയിലേക്ക് കുടിയേറുന്നത്. കഴിഞ്ഞ 17 വർഷമായി അവിടെ നികുതി കൃത്യമായി അടച്ച്, സാങ്കേതിക വിദ്യയിൽ വലിയ സംഭാവനകൾ നൽകി ജീവിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, തൻ്റെ അമ്മയ്ക്ക് നാലാം ഘട്ട ശ്വാസകോശ അർബുദം ബാധിച്ചതോടെ അദ്ദേഹത്തിൻ്റെ ജീവിതം മാറിമറിഞ്ഞു. അമ്മ ആശുപത്രിയിൽ കഴിഞ്ഞ 17 ദിവസവും നാട്ടിലേക്ക് വരാൻ വിസ അപ്പോയിന്റ്‌മെന്റിനായി അദ്ദേഹം നെട്ടോട്ടമോടി.
അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അമ്മയെ കാണാൻ എച്ച്-1ബി വിസ ഉടമയായ ഗൗതം നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. വിസ സ്റ്റാമ്പിംഗിനായുള്ള അപ്പോയിൻ്റ്മെൻ്റ് ലഭിക്കാത്തതായിരുന്നു ഏക തടസ്സം. 26 ദിവസത്തോളം കോൺസുലേറ്റിന് മുന്നിൽ അപേക്ഷകളുമായി ഗൗതം കാത്തിരുന്നു. എന്നാൽ വിധി അതിനേക്കാൾ വേഗത്തിൽ സഞ്ചരിച്ചു.”ഇന്ന് ഞാൻ ഇത് എഴുതുന്നത് ഒരു എഞ്ചിനീയറായോ എച്ച്-1ബി തൊഴിലാളിയായോ അല്ല, മറിച്ച് ഒരു മകനായാണ്,” ഗൗതം തൻ്റെ ലിങ്ക്ഡ്ഇൻ കുറിപ്പിൽ കുറിച്ചു.
അമേരിക്കൻ നിയമപ്രകാരം വിസ സ്റ്റാമ്പിംഗ് അപ്പോയിന്റ്‌മെന്റ് ഇല്ലാതെ രാജ്യം വിട്ടാൽ, തിരികെ വരുന്നത് അനിശ്ചിതത്വത്തിലാകും. ഇത് തന്റെ ജോലി നഷ്ടപ്പെടുത്തുമെന്നും അമേരിക്കയിൽ വളരുന്ന തന്റെ മക്കളുടെ ഭാവി അവതാളത്തിലാക്കുമെന്നും ഗൗതം തിരിച്ചറിഞ്ഞു. “അമ്മയുടെ അന്ത്യനിമിഷങ്ങളിൽ കൂടെയിരിക്കണോ അതോ മക്കളുടെ ഭാവി സംരക്ഷിക്കണോ എന്ന ക്രൂരമായ ചോദ്യത്തിന് മുന്നിലായിരുന്നു ഞാൻ. ഒരു മനുഷ്യനും ഇത്തരം ഒരു അവസ്ഥയുണ്ടാകരുത്,” അദ്ദേഹം കുറിച്ചു.
അടിയന്തരമായി നാട്ടിലെത്താൻ എമർജൻസി അപ്പോയിന്റ്‌മെന്റിനായി 26 ദിവസത്തോളം അദ്ദേഹം നിരന്തരം ശ്രമിച്ചു. ആശുപത്രി രേഖകൾ കോൺസുലേറ്റിന് അയച്ചു നൽകി. ഓരോ നിമിഷവും പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ, ചുവപ്പുനാടകളിൽ കുരുങ്ങി ആ അനുമതി വൈകി. ഒടുവിൽ നാട്ടിൽ നിന്ന് ആ ദുഃഖവാർത്തയെത്തി—അമ്മ വിടവാങ്ങി. അമ്മയുടെ മരണം ഫോൺ സ്ക്രീനിലൂടെ കണ്ട് നിൽക്കാൻ മാത്രമേ ആ മകന് സാധിച്ചുള്ളൂ. “ഫോൺ സ്ക്രീനിലൂടെ മാത്രമേ എനിക്ക് അവരെ കാണാൻ കഴിഞ്ഞുള്ളൂ. എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഖേദമായി ഇത് നിലനിൽക്കും,” അദ്ദേഹം പറയുന്നു.
ഇതൊരു രാഷ്ട്രീയ പോസ്റ്റല്ലെന്നും കുടിയേറ്റ നിയമങ്ങൾ സാധാരണക്കാരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വൈകാരിക ആഘാതമാണ് താൻ പങ്കുവെക്കുന്നതെന്നും ഗൗതം വ്യക്തമാക്കി. വിദേശത്ത് കരിയർ പടുത്തുയർത്താൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് വലിയൊരു ഉപദേശവും ഗൗതം നൽകുന്നുണ്ട്. ഒരു കരിയർ സ്വപ്നവും കുടുംബത്തെ ആവശ്യമുള്ള സമയത്ത് നിങ്ങളെ ഒരു കൂട്ടിലെന്നപോലെ തളച്ചിടാൻ പാടില്ലെന്നും, വിജയത്തെ അളക്കേണ്ടത് വീടുപേക്ഷിച്ച് പോയിട്ടല്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സ്വന്തം അമ്മയുടെ അന്ത്യനിമിഷങ്ങൾ നഷ്ടപ്പെടുത്തിയ ആ വേദന ഇനി മാറില്ലെന്ന് പറഞ്ഞാണ് അദ്ദേഹം വൈകാരികമായ കുറിപ്പ് അവസാനിപ്പിക്കുന്നത്.
A son’s tearful note says he lost his mother in her final moments due to a H-1B visa dispute.















