തൃണമൂൽ എംപി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം; ചീമുട്ടയേറ്, കൈയേറ്റം; അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് എംപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച സൗത്ത് 24 പർഗാനസ് ജില്ലയിലെ സോനാർപുരിലായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സുരക്ഷ മുൻനിർത്തി ക്രിക്കറ്റ് ഹെൽമെറ്റ് ധരിച്ചാണ് അഭിഷേക് ബാനർജി സ്ഥലത്തെത്തിയത്. കൊല്ലപ്പെട്ട പ്രവർത്തകന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഒരു സംഘം ആളുകൾ അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയും ചീമുട്ട എറിയുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അഭിഷേകിനെ സുരക്ഷിതമായി മാറ്റി.

തനിക്കെതിരേ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് സംഭവത്തിന് പിന്നാലെ അഭിഷേക് ബാനർജി ആരോപിച്ചു. തന്നെ വധിക്കാനായിരുന്നു ശ്രമമെന്നും പ്രവർത്തകരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാതെ താൻ ഇവിടെനിന്ന് മടങ്ങില്ലെന്നും കൊല്ലപ്പെട്ട പ്രവർത്തകന്റെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സോനാർപുരിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്നാണ് തൃണമൂലിന്റെ ആരോപണം. അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിനും ബിജെപി പ്രവർത്തകരാണ് ഉത്തരവാദികളെന്ന് തൃണമൂൽ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനിടെ, രണ്ടുദിവസം മുൻപ് തൃണമൂൽ നേതാവും എംപിയുമായ സൗഗത റോയ്ക്കും ആക്രമണം നേരിട്ടിരുന്നു. സ്വന്തം മണ്ഡലമായ ഡം ഡമ്മിൽവെച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്.

More Stories from this section

family-dental
witywide