കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

കൊച്ചി: എസ്എഫ്‌ഐ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. അദ്ദേഹം സമരപ്പന്തലിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. സിജെപി നേതാവ് അഭിജിത് ദീപ്കെയ്ക്കൊപ്പം ഇന്നു കൊച്ചിയിൽ നടക്കുന്ന ‘ജന്തർമന്തർ @ കൊച്ചി’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രകാശ് രാജ്. വിദ്യാർഥികളുടെ ന്യായമായ പരാതികൾ പരിഹരിക്കുന്നതിന് പകരം സർവകലാശാലാ അധികൃതർക്ക് അനുകൂലമായി നിലപാടെടുക്കുകയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സർക്കാരുമെന്ന് അദ്ദേഹം വിമർശിച്ചു.

ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വിദ്യാര്‍ഥികള്‍ എന്തിന് മാപ്പ് പറയണമെന്നും അവര്‍ അവരുടെ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും പ്രകാശ് രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വാതന്ത്ര്യ സമരം ഉള്‍പ്പെടെയുള്ള സമൂഹത്തിലെ എല്ലാ മുന്നേറ്റങ്ങളും പ്രതിഷേധങ്ങളിലൂടെയാണ് ഉണ്ടായിട്ടുള്ളത്. കലാകാരന്മാര്‍ തങ്ങളുടെ കലയിലൂടെ പ്രതിഷേധം രേഖപ്പെടുത്തും. കലയേയും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെയും മനസ്സിലാക്കാനുള്ള തലച്ചോറോ സംവേദനക്ഷമതയോ വി.സിക്കില്ല. ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷകള്‍ എഴുതിക്കൊടുത്തവരാണ് രാജ്യത്തെ ഭരണാധികാരികളെന്നും ഭഗത് സിംഗ്, ഗാന്ധിജി, അംബേദ്കര്‍ എന്നിവരുടെ പാരമ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആരോടും മാപ്പ് പറയില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രകാശ് രാജിനൊപ്പമുണ്ടായിരുന്നു. അന്യായമായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എസ്എഫ്‌ഐ നിരാഹാര സമരം നടത്തുന്നത്. സസ്‌പെന്‍ഷന്‍ മുമ്പ് 100 ശതമാനം അറ്റന്‍ഡന്‍സുണ്ടായിരുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പരീക്ഷ എഴുതിക്കുന്നില്ലെന്നതാണ് സാഹചര്യമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ നിരാഹാര സമരം ഇന്ന് ആറാം ദിവസമാണ്.

Actor Prakash Raj extends support to the hunger strike at Sree Sankaracharya University of Sanskrit, Kalady.

More Stories from this section

family-dental
witywide