
കൊച്ചി: നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് താരസംഘടനയായ ‘അമ്മ’. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തിയ പരസ്യ പ്രതികരണങ്ങൾ ‘അമ്മ’യുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. അൻസിബയുടെ പരാമർശങ്ങളിൽ വിശദീകരണം തേടിയാണ് നടപടി. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്.
നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 17നകം രേഖാമൂലം വിശദീകരണം നൽകണമെന്നാണ് നിർദേശം.
സംഘടനയ്ക്കുള്ളിൽ പരിഹരിക്കാവുന്ന വിഷയങ്ങൾ പുറത്തേക്ക് കൊണ്ടുപോയി വിവാദമാക്കിയെന്നാണ് മറ്റൊരു ആരോപണം. സംഘടനയുടെ ബൈലോ പാലിക്കേണ്ട ഉത്തരവാദിത്തമുള്ള ഭാരവാഹിയായിരിക്കെ അൻസിബ പൊതുവേദികളിൽ ആരോപണങ്ങൾ ഉന്നയിച്ചതും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ ഹസൻ രാജിവെച്ചതിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ പരസ്യമായത്. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളും ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തി.
ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ചുവെന്നും, തനിക്ക് അവിഹിത ബന്ധമുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയെന്നും അൻസിബ ആരോപിച്ചിരുന്നു. ഇതോടൊപ്പം ‘അമ്മ’ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പിനെ ചൊല്ലി ഭരണസമിതിക്കുള്ളിൽ ഉണ്ടായ അഭിപ്രായ ഭിന്നതകളും പിന്നീട് പരസ്യ ചർച്ചയായി മാറുകയായിരുന്നു. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് അൻസിബയ്‌ക്കെതിരായ കാരണം കാണിക്കൽ നോട്ടീസ് പുറത്തുവന്നിരിക്കുന്നത്.














