
പാലാ: പാലാ നഗരസഭയിൽ ഭരണമുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമായി. ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരെ ആറ് ഭരണപക്ഷ കൗൺസിലർമാർ രംഗത്തെത്തി. ചെയർപേഴ്സണിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ഇവർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെ ആറ് അംഗങ്ങളാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
സംഭവവികാസങ്ങൾ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ യുഡിഎഫ് നേതൃത്വം അനുനയ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുളിക്കകണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് നിലവിൽ യുഡിഎഫ് പാലാ നഗരസഭ ഭരിക്കുന്നത്. എന്നാൽ ഭരണത്തിനുള്ളിലെ ഭിന്നതകൾ ശക്തമായതോടെ ഭരണസമവാക്യങ്ങൾ തന്നെ മാറിമറിയുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.
യുഡിഎഫ് കൗൺസിലർമാരായി പ്രവർത്തിച്ചിട്ടും നഗരസഭയുടെ പ്രവർത്തനങ്ങളിൽ തങ്ങൾക്ക് യാതൊരു പങ്കും നൽകുന്നില്ലെന്നാണ് വിമത അംഗങ്ങളുടെ പ്രധാന പരാതി. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാർ ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും നഗരസഭയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി യുഡിഎഫ് നേതൃത്വത്തിന്റെ ഇടപെടലിൽ അനുനയ ചർച്ചകൾ പുരോഗമിക്കുകയാണ്. 14 യുഡിഎഫ് കൗൺസിലർമാരെയും പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. മുൻ എംഎൽഎ മാണി സി. കാപ്പന്റെ വസതിയിലാണ് ചർച്ച നടക്കുന്നത്. യോഗത്തിൽ എംപി ഫ്രാൻസിസ് ജോർജ് ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഭിന്നത പരിഹരിച്ച് ഭരണമുന്നണിയുടെ ഐക്യം നിലനിർത്താനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ചർച്ചയുടെ ഫലം പാലാ നഗരസഭയിലെ ഭരണത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.














