അമ്മയിൽ സർവ്വത്ര പ്രശ്‌നം! സംഗീത പരിപാടിയുടെ വരവുചെലവ് കണക്കുകൾ പുറത്തുവിടണമെന്ന മാലാ പാർവതി, കമ്മിറ്റി പിരിച്ചുവിടണമെന്ന് മല്ലികാ സുകുമാരൻ

കൊച്ചി: താരസംഘടനയിലെ വരവുചെലവ് കണക്കുകൾ പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച് നടി മാലാ പാർവതി രംഗത്ത്. സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ ചെലവായി രേഖപ്പെടുത്തിയെങ്കിലും അത്രയും തുക യഥാർത്ഥത്തിൽ ചെലവായിട്ടില്ലെന്നാണ് സംഘടനയ്ക്കുള്ളിൽ തന്നെ ചിലരുടെ സംശയമെന്ന് മാലാ പാർവതി പറഞ്ഞു. ചില ഭാരവാഹികളുമായി അടുത്ത ബന്ധമുള്ള സ്പോൺസർമാർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണവും അവർ ഉന്നയിച്ചു. താരസംഘടനയ്ക്കുള്ളിലെ ഭിന്നത ശക്തമാകുന്നതിനിടെയാണ് മാലാ പാർവതിയുടെ പ്രതികരണം.

സാമ്പത്തിക കണക്കുകൾ വിശദീകരിക്കാനുള്ള ചുമതല ട്രഷറർ ഉണ്ണി ശിവപാലിന് നൽകിയിരുന്നുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് മാലാ പാർവതി ആരോപിച്ചു. പ്രമുഖ നടൻമാരുടെ മുഖം ഉപയോഗിച്ച് സമാഹരിച്ച പണത്തിന്റെ കണക്ക് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണമെന്നും പ്രശ്നപരിഹാരത്തിനായി മുതിർന്ന താരങ്ങൾ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതിനിടെ, താരസംഘടനയിലെ തർക്കങ്ങളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നടി മല്ലിക സുകുമാരനും രംഗത്തെത്തി. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. പുറത്തു നടക്കാൻ പോലും കഴിയാത്ത വിധം സംഘടന നാണക്കേടിലായെന്നും, മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.

കുക്കു പരമേശ്വരൻ തന്നെക്കുറിച്ചും തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച മല്ലിക സുകുമാരൻ, അമ്മ ഓഫീസിൽ ഇത്രയും സിസിടിവി ക്യാമറകൾ സ്ഥാപിച്ചതെന്തിനാണെന്നും ചോദിച്ചു. സംഘടനയിൽ യാതൊരു സുതാര്യതയും ഇല്ലെന്നും കാര്യങ്ങൾ ഒളിച്ചും മറച്ചും നടത്തുകയാണെന്നും അവർ വിമർശിച്ചു. ശ്വേത മേനോൻ ഒന്നും അറിയില്ലെന്ന നിലപാട് ശരിയല്ലെന്നും അൻസിബയുടെ മനസ്സിൽ ആരോ വിഷം നിറച്ചുവെന്നും അവർ ആരോപിച്ചു. അൻസിബയെയും സരയുവിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചത് ടിനി ടോം തന്നെയാണെന്നും, യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

More Stories from this section

family-dental
witywide