
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43 കാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചേരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ സാമ്പിളുകൾ അന്തിമ സ്ഥിരീകരണത്തിനായി പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിട്ടുണ്ട്. ക്ലീനിങ് ജോലിക്കാരനായ ഇയാൾ ഫറോക്കിലെ ഒരു പഴയ കെട്ടിടം വൃത്തിയാക്കാൻ പോയപ്പോഴാകാം വൈറസ് ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ ഡിസ്ചാർജ് ആയി മടങ്ങിയിരുന്നു. എന്നാൽ പിന്നീട് ബോധക്ഷയം ഉൾപ്പെടെയുള്ള ഗുരുതര ലക്ഷണങ്ങൾ പ്രകടമായി. രോഗി സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയായതിനാൽ, ലക്ഷണങ്ങൾ വിത്ഡ്രോവൽ സിംപ്റ്റംസ് ആണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടുപോയിരുന്നു. ഈ സാഹചര്യങ്ങളിലെല്ലാം നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ രോഗിയുടെ സമ്പർക്കപ്പട്ടിക വിപുലമാകാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നു.
അതേസമയം കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രതിരോധത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. രോഗിയെ രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റും. രോഗിയുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ ആളുകളോടും കർശന ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ PAY Ward മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
- സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചിരിക്കുന്നു.
- സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ചിട്ടുള്ള മറ്റ് വഴികൾ ഉപയോഗിച്ച് മാത്രം പ്രവേശിക്കേണ്ടതാണ്.
- ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകേണ്ടതാണ്.
- നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുത്.
- ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും, രോഗികളും, കൂട്ടിരിപ്പുകാരും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
- സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.
രോഗികളുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതും മുൻനിർത്തിയാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.
സൂപ്രണ്ട്
ഗവ: മെഡിക്കൽ കോളേജ് ആശുപത്രി
കോഴിക്കോട്
Nipah Virus Confirmed in Kozhikode: 43-Year-Old Under Treatment, Health Minister Urges Caution But Says No Need to Panic













