
കോഴിക്കോട്: മുസ്ലിം ലീഗിന്‍റെ ആദ്യ വനിതാ എംഎൽഎയായി ചരിത്രം സൃഷ്ടിച്ച് അഡ്വ. ഫാത്തിമ തഹലിയ. കോഴിക്കോട് ജില്ലയിലെ എൽഡിഎഫിന്റെ ശക്തികേന്ദ്രമായ പേരാമ്പ്ര മണ്ഡലത്തിൽ അപ്രതീക്ഷിതമായാണ് ലീഗ് സ്ഥാനാർഥിയായി ഫാത്തിമ രംഗത്തെത്തിയത്. എൽഡിഎഫിന്റെ മുതിർന്ന നേതാവ് ടി.പി. രാമകൃഷ്ണനെ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയ രംഗത്ത് താരതമ്യേന പുതുമുഖമായ ഫാത്തിമ തഹലിയ ശ്രദ്ധേയ വിജയം നേടിയത്. ലീഗ് വനിതകൾക്ക് അവസരം നൽകുന്നില്ലെന്ന വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പേരാമ്പ്രയിൽ നിന്ന് യുഡിഎഫിനെ പ്രതിനിധീകരിച്ച് ലീഗിന്റെ ആദ്യ വനിതാ എംഎൽഎയായി അവർ തെരഞ്ഞെടുക്കപ്പെട്ടത്.
മണ്ഡലം രൂപീകരിച്ച ശേഷം രണ്ടുതവണ ഒഴികെ പേരാമ്പ്രയിൽ ഇടതുപക്ഷം പരാജയം കണ്ടിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഫാത്തിമ തഹലിയയുടെ സ്ഥാനാർഥിത്വം ശ്രദ്ധ നേടിയത്. കൗൺസിലറായിരുന്ന അവർ പേരാമ്പ്രയിൽ സജീവമായി രംഗത്തിറങ്ങിയതോടെ ടി.പി. രാമകൃഷ്ണന്റെ വിജയസാധ്യതയെക്കുറിച്ച് ഇടത് നേതൃത്വത്തിനുള്ളിൽ പോലും ആശങ്കകൾ ഉയർന്നു. ഇതിനിടെ അനൗൺസ്മെന്റ് വിവാദവും ‘ഖൗമിലെ കുട്ടി’ വിഷയവും അടക്കമുള്ള സംഭവങ്ങൾ കൂടി തിരഞ്ഞെടുപ്പ് ചൂട് കൂട്ടി.മണ്ഡലം നിലനിർത്താൻ ഇടത് നേതൃത്വം ശക്തമായ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. 1980 മുതൽ സിപിഎം തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമായിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് നിയമസഭ തിരഞ്ഞെടുപ്പിലും തോൽവി നേരിടേണ്ടിവന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് ഫാത്തിമ തഹലിയയെ ചുറ്റിപ്പറ്റിയ ‘ഖൗമിലെ കുട്ടി’ വിവാദം പേരാമ്പ്രയെ ശ്രദ്ധാകേന്ദ്രമാക്കി. ഇതിൽ സിപിഎം പ്രതിരോധത്തിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കൂടാതെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിനടുത്തുള്ള മെറ്റീരിയൽ റൂം തുറന്ന സംഭവവും തിരഞ്ഞെടുപ്പിന് ശേഷം വിവാദമായി. ഡീൽ ആരോപണങ്ങളും ഉയർന്നു. വടകര, നാദാപുരം മണ്ഡലങ്ങളിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് ഉണ്ടായെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. എന്നാൽ ഇത് പരാജയം മറയ്ക്കാനുള്ള ശ്രമമാണെന്ന് എതിരാളികൾ വിമർശിച്ചു.
ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ നാദാപുരം, കുറ്റ്യാടി, വടകര, പേരാമ്പ്ര മണ്ഡലങ്ങളിൽ ഇത്തവണ യുഡിഎഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. നാദാപുരം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തോടൊപ്പം, അനുകൂല തരംഗമുണ്ടായാൽ കുറ്റ്യാടിയും പേരാമ്പ്രയും സ്വന്തമാക്കാമെന്ന കണക്കുകൂട്ടലും യുഡിഎഫ് നടത്തിയിരുന്നു.















