ആദ്യ നിയമസഭയുടെ അനുഭവം, പല കാര്യങ്ങളും വിചിത്രമായി തോന്നിയെന്ന് രാജീവ് ചന്ദ്രശേഖർ; കോൺഗ്രസിനും സിപിഎമ്മിനും വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ സമീപനങ്ങളാണ് പ്രധാന കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള നിയമസഭയിലെ തന്റെ ആദ്യ സമ്മേളനാനുഭവങ്ങൾ പങ്കുവെച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇരു മുന്നണികളെയും വിമർശിച്ചത്.

മൂന്ന് തവണ ലോക്സഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്ന താൻ ആദ്യമായി എംഎൽഎ എന്ന നിലയിൽ കഴിഞ്ഞ ജൂൺ ഒന്നിനാണ് നിയമസഭയിൽ പ്രവേശിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സംഭവബഹുലമായ സമ്മേളനമായിരുന്നുവെങ്കിലും ചില രാഷ്ട്രീയ നേതാക്കളുടെ സമീപനമാണ് ഏറ്റവും ശ്രദ്ധേയമായതും വിചിത്രമായി തോന്നിയതുമെന്നും അദ്ദേഹം കുറിച്ചു. ലോകം അതിവേഗം കൃത്രിമ ബുദ്ധിയുടെ (എഐ) യുഗത്തിലേക്ക് കടക്കുകയും പുതിയ നിക്ഷേപ-തൊഴിൽ അവസരങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും കാലഹരണപ്പെട്ട വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സാമ്പത്തിക ധവളപത്രത്തെ എതിർക്കുന്ന സിപിഎം നേതാക്കൾ സർക്കാർ രേഖകൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തിന്റെ വികസനം, നിക്ഷേപം, തൊഴിൽസാധ്യതകൾ തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം അനാവശ്യ രാഷ്ട്രീയ വിവാദങ്ങളാണ് ഉയർത്തിക്കൊണ്ടുവരുന്നതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ബിജെപിയുടെ വിജയത്തെ ചൊല്ലി പരസ്പരം കുറ്റപ്പെടുത്തുന്ന കോൺഗ്രസും സിപിഎമ്മും തങ്ങൾ രാഷ്ട്രീയമായി ഒരേ നിലപാടിലാണ് പലപ്പോഴും പ്രവർത്തിക്കുന്നതെന്ന യാഥാർഥ്യം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ വിജയികളെ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന അടിസ്ഥാന വസ്തുതയും ഇരു പാർട്ടികളും അവഗണിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനം വിലക്കയറ്റവും സാമ്പത്തിക വെല്ലുവിളികളും നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്യുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പരാജയപ്പെട്ടുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

More Stories from this section

family-dental
witywide