കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച എയർ ഇന്ത്യ സർവീസുകൾ പുനഃരാരംഭിക്കുന്നു. കുവൈത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ ജൂൺ ഒന്നുമുതൽ പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിമാനങ്ങളുടെ ഷെഡ്യൂൾ വൈകാതെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമായതായി വ്യോമയാന രംഗത്തുള്ളവർ അറിയിച്ചു. സർവീസ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, ആദ്യഘട്ടത്തിൽ കുവൈത്തിൽനിന്ന് ദിവസം ഒരു സർവീസ് എന്ന നിലയിലായിരിക്കും എയർ ഇന്ത്യ എക്‌സ്പ്രസിന് അനുമതി ലഭിക്കുക. പുലർച്ചെ നാലുമുതൽ രാത്രി 10 മണിവരെയാകും സർവീസുകൾ നടത്തുക. തുടക്കത്തിൽ കോഴിക്കോട്, മംഗലാപുരം സെക്ടറുകളിലേക്കുള്ള യാത്ര ആരംഭിക്കുമെന്നാണ് വിവരം. മറ്റ് സെക്ടറുകളിലേക്കുള്ള സർവീസ് വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പിന്നീട് യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് സർവീസുകളുടെ എണ്ണം ക്രമേണ വർധിപ്പിക്കാനാണ് സാധ്യത. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് വിമാന ഷെഡ്യൂളും പിഎൻആർ സ്റ്റാറ്റസും ബന്ധപ്പെട്ട വിമാനക്കമ്പനികളിൽനിന്ന് നേരിട്ട് പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഫെബ്രുവരി 28 നായിരുന്നു പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമാതിർത്തിയും രാജ്യാന്തര വിമാനത്താവളവും താൽക്കാലികമായി അടച്ചത്. സുരക്ഷാമുൻകരുതലിന്റെ ഭാഗമായി എല്ലാ വിമാന സർവീസുകളും പൂർണമായും നിർത്തിവച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പിന്നീട് കുവൈത്ത് വിമാനത്താവളം ഭാഗികമായി പുനഃരാരംഭിച്ചെങ്കിലും കുവൈത്ത് എയർവേയ്സിനും ജസീറ എയർവേയ്‌സിനും മാത്രമാണ് സർവീസ് നടത്താൻ അനുമതി നൽകിയത്.
ഇതോടെ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ട സാഹചര്യം രൂപപ്പെട്ടു. കേരളത്തിലെ എല്ലാ വിമാനത്താവളത്തിലേക്കും നിലവിലെ സർവീസുകൾ ലഭ്യമല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ തിരിച്ചെത്തുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് റിപ്പോർട്ടുകൾ.
West Asian conflict; Days of relief for Kuwaiti passengers, flights including Air India to resume from June












