ന്യൂഡൽഹി: നിർദ്ദിഷ്ട ഏകീകൃത സിവിൽ കോഡ് (UCC) ആദിവാസി വിഭാഗങ്ങളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും അവരെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്‌ച ഗോത്രവർഗ നായകൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെങ്കോട്ട മൈതാനത്ത് നടന്ന രാജ്യത്തെ ഗോത്രവർഗ പ്രതിനിധികളുടെ സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് അമിത് ഷാ ഉറപ്പുനൽകി.
ഗോത്രവർഗക്കാർക്കിടയിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം ഗൂഢാലോചനകളിൽ വീണുപോകരു ത്. ഏക സിവിൽ കോഡ് ആരുടേയും സാംസ്‌കാരികത്തനിമയെയോ നിയമപരമായ അവകാശങ്ങളെയോ ബാധിക്കില്ല. ഗോത്രവർഗക്കാർ തങ്ങളുടെ ‘ധർമ്മം’ സംരക്ഷിക്കണമെന്നും മതപരിവർത്തനങ്ങളെ ചെറുക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. ഭരണഘടന ഓരോ വ്യക്തിക്കും തങ്ങളുടെ യഥാർത്ഥ വിശ്വാസം അന്തസ്സോടെയും നിർബന്ധങ്ങളില്ലാതെയും പിന്തുടരാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. നമ്മുടെ മതം സംരക്ഷിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം. ഇതാണ് നമ്മുടെ സംസ്കാരവുമായും രാജ്യവുമായും നമ്മെ ബന്ധിപ്പിച്ചു നിർത്തുന്നത്. ഗോത്രവർഗ സമൂഹങ്ങളിലേക്കുള്ള വിപുലമായ പ്രചാരണത്തിൻ്റെ ഭാഗമായി ആർഎസ്എസ് അനുബന്ധ സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ, ഏക സിവിൽ കോഡിനെക്കുറിച്ചുള്ള ആശങ്കകൾ ഷാ തള്ളിക്കളഞ്ഞു.
നിയമം ഗോത്രവർഗ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും തകർക്കുമെന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രി എന്ന നിലയിൽ, ഏക സിവിൽ കോഡിന്റെ ഒരു വ്യവസ്ഥയും ഗോത്രവർഗ സമൂഹങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അത് ഒരു ഗോത്രവർഗ അവകാശത്തെയും ലംഘിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഗോത്രവർഗക്കാർക്കായി സുരക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഷാ പറഞ്ഞു. ഈ നിയമത്തെ ഭയപ്പെടരുതെന്ന് അദ്ദേഹം ഗോത്രവർഗ വിഭാഗങ്ങളോട് അഭ്യർത്ഥിച്ചു. നാട്ടിൽനിന്നു നക്‌സലിസം തുടച്ചുനീക്കിയതും ആദിവാസി ക്ഷേമത്തിനായി ബജറ്റ് വിഹിതം വർധിപ്പിച്ചതും ഉൾപ്പെടെയുള്ള സർക്കാരിന്റെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
ഗോത്രസംസ്കാരം സംരക്ഷിക്കുന്നതിനോടൊപ്പം അവരുടെ സാമൂഹിക വികസനത്തിന് മുൻഗണന നൽകുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി ഗോത്രവർഗ മേഖലകളിലും മലനിരകളിലും വനങ്ങളിലും ദ്രുതഗതിയിലുള്ള വികസനത്തിനുള്ള സമയമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Amit Shah says Unified Civil Code will not affect tribal communities














