മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) ഉയർന്നുവന്ന പുതിയ വിവാദങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയും ആസൂത്രിത നീക്കവുമുണ്ടെന്ന് അധ്യക്ഷ ശ്വേത മേനോൻ. സംഘടനയുടെ മെഡിക്കൽ ക്യാമ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരമൊരു പരാതി ഉയർന്നുവന്നത് ഇതിന്റെ തെളിവാണ്. ഈ വിഷയത്തിൽ പ്രത്യേക അന്വേഷണ സമിതിയെ വെക്കില്ലെന്നും എന്നാൽ വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പരാതി വിശദമായി പരിശോധിക്കുമെന്നും മാധ്യമങ്ങളിലൂടെ ഉന്നയിച്ച പരാതി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഘടനയ്ക്ക് ഔദ്യോഗികമായി ലഭിച്ചതെന്നും ശ്വേത മേനോൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നടി അൻസിബ ഹസൻ ഈ മാസം 12-നാണ് സംഘടനയിൽ നിന്നും രാജി സമർപ്പിച്ചതെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് കത്തിൽ വ്യക്തമാക്കിയിരുന്നതെന്നും ശ്വേത മേനോൻ പറഞ്ഞു. നടൻ ടിനി ടോമിനെതിരായ ഒരു പരാതിയും രാജി കത്തിൽ ഉണ്ടായിരുന്നില്ല. പോലീസിൽ നൽകിയ പരാതിയെക്കുറിച്ച് അൻസിബ സംസാരിച്ചപ്പോൾ സംഘടനയ്ക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്ന് താൻ വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ എടുത്തില്ലെന്നും, എങ്കിലും അൻസിബയുടെ ഭാഗം കേൾക്കാൻ സംഘടന തയ്യാറാണെന്നും ശ്വേത കൂട്ടിച്ചേർത്തു.
ഒരു മത സ്ഥാപനത്തെ സംഘടനയുടെ പരിപാടിയിൽ സ്പോൺസറാക്കിയതിനെതിരെ അൻസിബ കമ്മിറ്റിയിൽ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും സ്പോൺസർഷിപ്പിനെ അനുകൂലിക്കുകയാണുണ്ടായത്. അൻസിബ ഉന്നയിച്ച കാര്യങ്ങളെല്ലാം സംഘടനയുടെ കൃത്യമായ രീതികൾക്ക് അനുസരിച്ച് പരിശോധിക്കും. സംഘടനയെ തകർക്കാൻ ലക്ഷ്യമിട്ട് പുറത്തുനിന്ന് നടക്കുന്ന ആസൂത്രിത നീക്കങ്ങളെ ഒന്നിച്ച് പ്രതിരോധിക്കുമെന്നും ‘അമ്മ’ അധ്യക്ഷ വ്യക്തമാക്കി.
AMMA President Swetha Menon Alleges Conspiracy Behind Controversies; Says Executive Committee Will Review Ansiba’s Complaint











