
ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ ബില്ല് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനായി സർക്കാർ സ്ത്രീകളെ മറയാക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ഒബിസി വിഭാഗത്തിനുള്ള അവകാശങ്ങൾ നിഷേധിക്കുന്നത് സർക്കാരിന്റെ കൃത്യമായ അജണ്ടയാണെന്നും ഭരണഘടനയ്ക്ക് മേൽ ‘മനുവാദം’ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റി വരയ്ക്കാനുള്ള നീക്കമാണ് ഭരണപക്ഷത്തിന്റേതെന്ന് രാഹുൽ ആരോപിച്ചു. അസമിലും ജമ്മു കശ്മീരിലും പരീക്ഷിച്ച വിഭജന രാഷ്ട്രീയം രാജ്യത്തുടനീളം നടപ്പാക്കാനാണ് സർക്കാർ നോക്കുന്നത്. ഇത് രാജ്യവിരുദ്ധമായ നീക്കമാണെന്നും ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവരുന്നത് പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒബിസി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യമില്ലെന്ന വസ്തുതയും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുലിന്റെ പരാമർശങ്ങൾ സഭയിൽ ഭരണപക്ഷത്തിന്റെ കനത്ത ബഹളത്തിന് വഴിവെച്ചു. ‘മാജിക്കുകാരനും ബിസിനസുകാരനും’ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ രഹസ്യങ്ങൾ അറിയാവുന്ന ‘അദൃശ്യ ശക്തികളെ’ക്കുറിച്ചും രാഹുൽ സംസാരിച്ചതോടെ സ്പീക്കർ ഇടപെട്ടു. പാർലമെന്ററി മര്യാദകൾ പാലിക്കണമെന്ന് സ്പീക്കർ നിർദ്ദേശിച്ചെങ്കിലും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാക്കേറ്റം സഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. 60 വർഷം രാജ്യം ഭരിച്ചിട്ടും ഒബിസി വിഭാഗങ്ങൾക്ക് എന്തുകൊണ്ട് കോൺഗ്രസ് സംവരണം നൽകിയില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഈ സമയത്ത് തിരിച്ചടിച്ചു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. പ്രധാനമന്ത്രിയെ നിന്ദിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി സഭയിൽ ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന രാഹുൽ, സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് വരുത്തിത്തീർക്കാനുള്ള മോദിയുടെ ശ്രമം വെറും നാടകം മാത്രമാണെന്ന് പരിഹസിച്ചു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ ഈ ബില്ലിനെ പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
‘Anti-national move to redraw political map’: Rahul Gandhi slams Modi govt on Women’s Reservation Bill














