ലോകകപ്പ് ഫൈനലിന് പിന്നാലെ അർജന്റീന- സ്‌പെയിൻ താരങ്ങൾക്കിടയിൽ സംഘർഷം

ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് 2026 ഫൈനലിന് പിന്നാലെ അർജന്റീനയും സ്‌പെയിനും തമ്മിലുള്ള താരങ്ങൾ തമ്മിൽ സംഘർഷം. അർജന്റീനയുടെ ലിയാൻഡ്രോ പരേദസും സ്‌പെയിൻ പ്രതിരോധ താരം എറിക് ഗാർസിയയും തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് ഇരുടീമുകളുടെയും താരങ്ങളും പരിശീലകസംഘവും ഉൾപ്പെട്ട ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അധികസമയത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ 1-0ന് തോൽപ്പിച്ചാണ് സ്‌പെയിൻ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

മത്സരത്തിനിടെയും ആവേശം അതിരുവിട്ടിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ സ്‌പെയിൻ പ്രതിരോധ താരം പൗ കുബാർസിക്കെതിരായ ഫൗളിന് അർജന്റീന മധ്യനിര താരം എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അർജന്റീന 10 പേരായി ചുരുങ്ങി. മത്സരത്തിലുടനീളം ലയണൽ സ്‌കലോണിയുടെ ടീമിന് ആറ് മഞ്ഞക്കാർഡുകളും ലഭിച്ചു. മത്സരം അവസാനിച്ച ഉടൻ ലിയാൻഡ്രോ പരേദസ് എറിക് ഗാർസിയയുമായി വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് ഗാർസിയയുടെ കഴുത്തിൽ പരേദസ് കൈവച്ചതായി റിപ്പോർട്ടുകളുണ്ട്.

ഇതോടെ ഗാർസിയ നിലത്തുവീഴുകയും ഇരുടീമുകളിലെയും താരങ്ങൾ, പകരക്കാരായ കളിക്കാർ, പരിശീലകസംഘാംഗങ്ങൾ എന്നിവർ തമ്മിൽ കൂട്ടത്തല്ലിന് സമാനമായ സാഹചര്യം രൂപപ്പെടുകയും ചെയ്തു. റഫറിമാരും മറ്റ് താരങ്ങളും ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. മത്സരത്തിനിടെ കടുത്ത ടാക്കിൾ നടത്തിയതിനും പരേദസിന് നേരത്തെ മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.

എന്നാൽ സംഘർഷത്തിന് ശേഷം ഇരുടീമുകളിലെയും താരങ്ങൾ പരസ്പരം ആശ്വസിപ്പിക്കുന്നതും സൗഹൃദം പങ്കിടുന്നതുമായ ദൃശ്യങ്ങളും അരങ്ങേറി. സ്‌പെയിൻ താരങ്ങൾ അർജന്റീന നായകൻ ലയണൽ മെസ്സിയെ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു. മത്സരശേഷം ഇരു ടീമുകളുടെയും പരിശീലകരായ ലയണൽ സ്‌കലോണിയും ലൂയിസ് ഡി ലാ ഫുവെന്തെയും ദീർഘനേരം ആലിംഗനം ചെയ്തതും ശ്രദ്ധേയമായി.

Argentina and Spain players clashed following the conclusion of the FIFA World Cup final in New Jersey