‘എല്ലാം നൽകി പോരാടി; സ്‌പെയിൻ അർഹിച്ച വിജയികൾ’; വികാരാധീനനായി അർജന്റീന പരിശീലകൻ സ്‌കലോണി

ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്‌പെയിനിനോട് തോറ്റ് കിരീടം കൈവിട്ടതിന് പിന്നാലെ വാർത്താ സമ്മേളനത്തിൽ വികാരാധീനനായി അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി . സ്‌പെയിൻ മികച്ച ടീമായിരുന്നുവെന്ന് സമ്മതിച്ച അദ്ദേഹം, അവസാന നിമിഷം വരെ പോരാടിയ തന്റെ താരങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് സ്‌പെയിൻ 1-0ന് വിജയിച്ച് രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

“എനിക്ക് വലിയ സങ്കടമുണ്ട്. പക്ഷേ ഫൈനലിലെത്താൻ ഞങ്ങളുടെ താരങ്ങൾ നടത്തിയ പോരാട്ടത്തിൽ അഭിമാനമുണ്ട്. സ്‌പെയിൻ മികച്ച ടീമായിരുന്നു. അവർ വിജയിക്കാൻ അർഹരായിരുന്നു. എന്നിരുന്നാലും എന്റെ താരങ്ങൾ കാഴ്ചവെച്ച പോരാട്ടം ജീവിതകാലം മുഴുവൻ ഓർമിക്കും” എന്ന് സ്‌കലോണി മത്സരശേഷം പറഞ്ഞു.

“ജയിക്കുന്നതുപോലെ തന്നെ തോൽവിയും മാന്യതയോടെ സ്വീകരിക്കണം. ഇന്ന് ഞങ്ങൾ അത് ചെയ്തു. ഞങ്ങൾ തോറ്റു, ആ തോൽവി അംഗീകരിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇൻജുറി ടൈമിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായിട്ടായിരുന്നു അർജന്റീന അധികസമയം കളിച്ചത്.

അതേസമയം, മൂന്നാം ലോകകപ്പ് ഫൈനൽ കളിച്ച ലയണൽ മെസ്സി മത്സരശേഷം കണ്ണീരോടെയാണ് മൈതാനം വിട്ടത്. ടൂർണമെന്റിൽ എട്ട് ഗോളുകൾ നേടിയ 39-കാരനായ മെസ്സിയുടെ പ്രകടനത്തെ സ്‌കലോണി വാനോളം പ്രശംസിച്ചു. “മെസ്സി ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരമാണ്. 39-ാം വയസ്സിലും അദ്ദേഹം കാഴ്ചവെച്ച പ്രകടനം അവിശ്വസനീയമാണ്. അദ്ദേഹം തീരുമാനിക്കുന്നതുവരെ കളിക്കും. അദ്ദേഹത്തെക്കുറിച്ച് എല്ലാവർക്കും അഭിമാനിക്കാം എന്നും സ്‌കലോണി പറഞ്ഞു.

മത്സരശേഷം തന്റെ ഭാവിയെക്കുറിച്ചും സ്‌കലോണി സൂചന നൽകി. ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായി സംസാരിക്കും. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ എനിക്ക് കുറച്ച് സമയം വേണം. ഇതുപോലൊരു ടീമിനെ വീണ്ടും ഒരുക്കുക എളുപ്പമല്ലഎന്ന് പറഞ്ഞ അദ്ദേഹം വികാരാധീനനായി വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

We gave it everything, says Argentina coach Scaloni