
പോലീസിനെതിരെ ഭീഷണി മുഴക്കിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളി പ്രണവ് ഒളിവിൽ. അഴീക്കോട് സ്വദേശിയായ പ്രണവിനെ കണ്ടെത്താനായി പോലീസ് തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കി. അർജുൻ ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയയിലൂടെ പോലീസിനെതിരെ പ്രചരിച്ച വിവാദ പോസ്റ്റുകൾ പങ്കുവെച്ചത് പ്രണവാണെന്നാണ് കണ്ടെത്തൽ. ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ തളിപ്പറമ്പിൽ അർജുനൊപ്പം ഉണ്ടാമായിരുന്ന പ്രണവ്, അതിനുശേഷമാണ് ഒളിവിൽ പോയത്.
എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവ് തനിക്കൊപ്പമുണ്ടായിരുന്നതായി അർജുൻ ആയങ്കി മൊഴി നൽകിയിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലെടുത്ത അർജുന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണോ പ്രണവ് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടതെന്ന് സ്ഥിരീകരിക്കാൻ ഫോൺ പരിശോധനയ്ക്ക് അയച്ചു. അതേസമയം, പിടിയിലായ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഊന്നുകൽ പോലീസ് നാളെ ഇയാളുടെ ഫോർമൽ അറസ്റ്റിനായി കോടതിയെ സമീപിക്കും.
ആഭ്യന്തരമന്ത്രിയെയും വകുപ്പിനെയും വെല്ലുവിളിച്ച കൊടും ക്രിമിനലായ അർജുൻ ആയങ്കിയെ പുലർച്ചെയോടെ തളിപ്പറമ്പിൽ നിന്ന് പിടികൂടാനായത് പോലീസിന് വലിയ ആശ്വാസമായിട്ടുണ്ട്. ‘ഇത് ഗുണ്ടകളുടെ നാടല്ല, കേരളമാണ്’ എന്ന ആഭ്യന്തരമന്ത്രിയുടെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ പ്രണവിനായുള്ള വലവീശിയ പോലീസ്, സംസ്ഥാനത്തുടനീളം ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ‘ഓപ്പറേഷൻ ഗ്രിപ്പ്’ നടപടികൾ കടുപ്പിക്കാനും തീരുമാനിച്ചു.
Arjun Ayanki’s Associate Pranav Absconds: Police Intensify Search Operation












