സുപ്രീം കോടതിക്ക് സമീപം നാടകീയ രംഗങ്ങൾ; പ്രതിഷേധിച്ച 60 ഓളം അഭിഭാഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു; ചീഫ് ജസ്റ്റിസിൻ്റെ ഇടപെടലിനെ തുടർന്ന് മോചനം

ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നതിനിടെ, സുപ്രീം കോടതി പരിസരത്ത് പ്രതിഷേധിച്ച അറുപതോളം അഭിഭാഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കസ്റ്റഡിയിലായവരിൽ മുതിർന്ന അഭിഭാഷകരും വനിതാ അഭിഭാഷകരും ഉൾപ്പെടുന്നു. സംഭവത്തിൽ ചീഫ് ജസ്റ്റിസ് അടിയന്തരമായി ഇടപെട്ടതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ പൊലീസ് പിന്നീട് വിട്ടയച്ചു.

അഭിഭാഷകരെ ചേംബറുകളിൽ നിന്നും കോടതി പരിസരത്തുനിന്നും പൊലീസ് ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് കാരണമായി. ഇതേത്തുടർന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, കസ്റ്റഡിയിലുള്ള അഭിഭാഷകരെ ഉടൻ മോചിപ്പിക്കാൻ ചീഫ് ജസ്റ്റിസ് അധികൃതർക്ക് നിർദ്ദേശം നൽകിയതായി സുപ്രീം കോടതി അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ദേവ്‌വ്രത് സ്ഥിരീകരിച്ചു.

അഭിഭാഷകരെ ഭയപ്പെടുത്തുന്നതും അകാരണമായി തടങ്കലിലാക്കുന്നതും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് എസ്‌സിബിഎ പ്രസിഡന്റ് പ്രദീപ് റായ് വ്യക്തമാക്കി. ന്യൂഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുമായി സംസാരിച്ചതായും അഭിഭാഷകരെ ഉടൻ വിട്ടയക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

സമാധാനപരമായി പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്ന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ എസ്‌സിബിഎ ഓണററി സെക്രട്ടറി പ്രജ്ഞാ ഭാഗേൽ ആരോപിച്ചു. പൊലീസിന്റെ നടപടിയെ അപലപിച്ച് അസോസിയേഷൻ പ്രമേയം പാസാക്കി. കസ്റ്റഡിയിലായവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമിത ബലപ്രയോഗം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സി.ജെ.പി ഇന്ന് നടത്തുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് ഡൽഹിയിൽ സുരക്ഷ കർശനമാക്കിയത്. നിലവിൽ പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) സമയത്ത് വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടത്താനിരുന്ന പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

Dramatic scenes unfolded near the Supreme Court; around 60 protesting lawyers were taken into custody by the police but were released following the Chief Justice’s intervention.

More Stories from this section

family-dental
witywide