
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ ഭീകരമായ തീപിടിത്തത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയിലുള്ള മൂന്നുനില കെട്ടിടത്തിൽ ഉച്ചയോടെയാണ് വലിയ അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മറ്റ് നിലകളിലേക്ക് അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. വാണിജ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ കോച്ചിംഗ് സെന്ററിന് പുറമെ പെറ്റ് ഷോപ്പ് ഉൾപ്പെടെയുള്ള നിരവധി കടകൾ പ്രവർത്തിച്ചിരുന്നു.
അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലധികം നേരം പ്രദേശത്ത് കനത്ത പുകയും തീയും നിലനിന്നു. തീപിടിത്തം ഉണ്ടായതോടെ നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയി. രക്ഷപ്പെടാനായി കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ഒടുവിൽ തീ നിയന്ത്രണവിധേയമാക്കിയതും രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതും. പരിക്കേറ്റ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ലഖ്‌നൗവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിൽ യു.പി. സർക്കാർ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Lucknow Coaching Centre Fire: 15 Dead as Massive Blaze Engulfs Three-Storey Building; UP Govt Orders Probe












