പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി; ‘ഞാൻ എന്ന മനോഭാവം എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആരുടെയും അലങ്കാരമല്ല’

തിരുവനന്തപുരം: എൽഡിഎഫിന് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ പരോക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി രംഗത്ത്. പാർട്ടിക്ക് പിണറായി പോലൊരു മുഖ്യമന്ത്രി ലഭിച്ചേക്കാം, എന്നാൽ കോടിയേരി പോലൊരു പാർട്ടി സെക്രട്ടറിയെ ലഭിക്കില്ലെന്നും ചില നഷ്ടങ്ങൾ പകരംവെക്കാനാവില്ലെന്നും സഖാക്കൾ പങ്കുവെച്ച വാചകമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

“ഞാൻ” എന്ന മനോഭാവം എല്ലാത്തിനും മുകളിലാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആരുടെയും അലങ്കാരമല്ലെന്ന് ബിനീഷ് ചൂണ്ടിക്കാട്ടി. ഇത് പാർട്ടിക്കെതിരായ ജനവിധിയായി മാത്രം കാണാനാവില്ല; വ്യക്തികേന്ദ്രീകൃത സമീപനങ്ങൾക്കെതിരായ പ്രതികരണമാണിത്. പരമ്പരാഗതമായി പാർട്ടിയെ പിന്തുണച്ച മണ്ഡലങ്ങളിൽ പോലും വോട്ട് കുറഞ്ഞത്, അത്തരത്തിലുള്ള തെറ്റുകൾ തിരുത്തണമെന്ന ആഗ്രഹത്തോടെയാണ് അനുഭാവികൾ ഉൾപ്പെടെ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത് സാഹചര്യത്തിന്റെ വികാരപ്രകടനമാണെന്നും അതിനെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു തിരഞ്ഞെടുപ്പിലെ വിജയം എല്ലാം നേടിയതും തോൽവി എല്ലാം നഷ്ടപ്പെട്ടതുമെന്ന രീതിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കാണാറില്ലെന്നും ബിനീഷ് വ്യക്തമാക്കി. തോൽവിയിൽ നിരാശപ്പെടുകയോ വിജയത്തിൽ അതിയായ ആഹ്ലാദം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല. അവരുടെ കാഴ്ചപ്പാടിൽ തിരഞ്ഞെടുപ്പ് മറ്റു രാഷ്ട്രീയ സമരങ്ങളെപ്പോലെ തന്നെയാണെന്നും, അതിനപ്പുറം അനീതിക്കും ചൂഷണത്തിനുമെതിരായ ഐക്യവും തുടർച്ചയായ പോരാട്ടവുമാണ് പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ജനവിധി വിനയത്തോടെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും, ജനങ്ങളോടൊപ്പം നിന്നുകൊണ്ട് തെറ്റുകൾ തിരുത്തി മുന്നേറണമെന്നും ബിനീഷ് കുറിപ്പിൽ വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയോടെ തിരിച്ചുവരാമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

More Stories from this section

family-dental
witywide