നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിൽ സിപിഐ നിലപാട് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ വരേണ്ടതില്ലെന്ന് സിപിഐ അഭിപ്രായപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇത്തരമൊരു അഭിപ്രായം സിപിഐക്ക് ഇല്ലെന്നും സിപിഎമ്മിന്റെ അവകാശമായ ഈ പദവിയിൽ തങ്ങൾ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആൾ വരണമെന്നും പിണറായിയുടെ ശൈലി പരാജയത്തിന് ആക്കം കൂട്ടിയെന്നും സിപിഐ നേതൃയോഗത്തിൽ വിമർശനമുയർന്നുവെന്ന മാധ്യമ വാർത്തകളെ ബിനോയ് വിശ്വം പൂർണ്ണമായും തള്ളിക്കളഞ്ഞു. പാർട്ടിക്കുള്ളിൽ അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ അധികാരം സിപിഎമ്മിനാണെന്നും അതിൽ ഇടപെടാൻ സിപിഐക്ക് താല്പര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയും വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഇടതുമുന്നണിക്കുള്ളിൽ ഭിന്നതയുണ്ടെന്ന വരുത്തിത്തീർക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. മുന്നണിയിലെ വലിയ കക്ഷിയെന്ന നിലയിൽ സിപിഎമ്മിലെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് കക്ഷികൾ അഭിപ്രായം പറയുന്ന പതിവില്ല. സിപിഐയുടെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Binoy Viswam refutes reports of opposing Pinarayi as LoP; CPI says CPIM has sole right to decide Opposition Leader















