‘മോദിയുടെ അച്ഛന് വരെ പോകേണ്ടിവരും’, ഖർഗെയുടെ പരാമർശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖർഗെ തെറ്റിദ്ധരിച്ചതെന്ന് പ്രസംഗം തടസപ്പെടുത്തിയ സന്തോഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പട്നയിൽ നടന്ന പരിപാടിക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഖർഗെയുടെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കൾ പട്ന പോലീസിൽ പരാതി നൽകി. വിഷയം കേവലം പ്രാദേശിക തലത്തിൽ ഒതുക്കാതെ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരാനാണ് ബി.ജെ.പി തീരുമാനം. അമിത് ഷാ, രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ഒന്നടങ്കം ഖർഗെക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഖർഗെയുടെ പരാമർശം തികച്ചും വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ മുൻപും മോദിയുടെ കുടുംബപശ്ചാത്തലത്തെയും മാതാവിനെയും അപമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ എതിർപ്പുകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മാറുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖർഗെയുടെ വാക്കുകൾ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമോ എന്നും സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ബി.ജെ.പി നേതൃത്വം തുറന്നടിച്ചു. രാഷ്ട്രീയമായും ധാർമ്മികമായും തകർന്ന കോൺഗ്രസിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതാക്കൾ ഓർമ്മിപ്പിച്ചു.

അതിനിടെ, പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള അധിക്ഷേപ പരാമർശം രാഷ്ട്രീയ ആയുധമാക്കി മാറ്റി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നീക്കങ്ങളെയും ചെറുക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന റാലികളെ രാഷ്ട്രീയമായും തെരുവ് പ്രക്ഷോഭങ്ങളിലൂടെയും നേരിടാൻ ബി.ജെ.പി നേതൃത്വം വിപുലമായ ആസൂത്രണം നടത്തിവരികയാണ്.

മറുഭാഗത്ത്, വിവാദപരമായ ഈ സാഹചര്യത്തിന് കാരണക്കാരനായ സന്തോഷ് കുമാർ സ്വന്തം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. താൻ ഖർഗെയുടെ പ്രസംഗം തടസ്സപ്പെടുത്തിയതല്ലെന്നും, ജനകീയ പ്രക്ഷോഭമില്ലാതെ മോദി അധികാരം ഒഴിയില്ലെന്നാണ് സദസ്സിൽ നിന്ന് പറയാൻ ശ്രമിച്ചതെന്നും സന്തോഷ് വ്യക്തമാക്കി. താൻ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രം കേട്ട് ഖർഗെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും, അതിനുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ തന്നെ വേദിയിൽ നിന്ന് ഇറക്കിവിട്ട് കൈയേറ്റം ചെയ്തെന്നും സന്തോഷ് കുമാർ ആരോപിച്ചു.

BJP to Launch Nationwide Protests Over Kharge’s Remarks; Santosh Claims Words Were Misunderstood

Also Read

More Stories from this section

family-dental
witywide