ആഞ്ഞടിക്കാൻ ‘അർണബ്’ വരുന്നു, ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നു, ബംഗാൾ, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, കേരളത്തിൽ അതിതീവ്ര മഴ

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദം കൂടുതൽ കരുത്താർജിച്ച് ശക്തമായ ‘അർണബ്’ ചുഴലിക്കാറ്റായി മാറും. ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെയോടെ രൂപപ്പെടുന്ന ചുഴലിക്കാറ്റ്, ഒക്ടോബർ 28-ഓടെ വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനുമിടയിൽ കരതൊടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) മുന്നറിയിപ്പ് നൽകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ കിഴക്കൻ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ദുരന്തനിവാരണ സേനകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

ദുരന്തസാധ്യത കണക്കിലെടുത്ത് ഒഡീഷ സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സംസ്ഥാനത്തെ 30 ജില്ലകൾക്കും ഗഞ്ചാം, ഗജപതി, പുരി, ഖുർദ തുടങ്ങിയ പ്രധാന മേഖലകളിലെ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സാഹചര്യം വിലയിരുത്തി സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ പുരി, ഗഞ്ചാം, ഗജപതി ജില്ലകളിൽ എൻ.ഡി.ആർ.എഫ്., ഒഡീഷ ദ്രുതകർമ്മ സേന, ഫയർ ഫോഴ്സ് എന്നിവരെ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ പശ്ചിമ ബംഗാളിലും കൊൽക്കത്തയിലും ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കൊൽക്കത്തയിൽ ഒക്ടോബർ 28, 29 തീയതികളിൽ മഴയുടെ അളവും കാറ്റും പരമാവധിയിലെത്തുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. സൗത്ത് 24 പർഗാനാസ്, ഈസ്റ്റ്-വെസ്റ്റ് മിദ്നാപൂർ, ഝാർഗ്രാം, ബാങ്കുറ, പുരുളിയ തുടങ്ങിയ പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നും തീരദേശവാസികൾ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും വിവിധ ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. നാളെ പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ട് ആയിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

റെഡ് അലർട്ട് നിലനിൽക്കുന്ന മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മദ്രസകളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ വിനോദസഞ്ചാരം പൂർണമായും നിരോധിക്കുകയും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ എത്രയും വേഗം തീരത്ത് തിരിച്ചെത്തണമെന്ന് അധികൃതർ നിർദേശിച്ചു.

Arnab Cyclone Threat in Bay of Bengal: Extreme Rainfall Warning Issued for Odisha, Andhra and Kerala

More Stories from this section

family-dental
witywide