
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയില്‍നിന്ന് ചാണ്ടി ഉമ്മനെ ഒഴിവാക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനകത്ത് കടുത്ത അതൃപ്തി ഉയരുന്നതായി റിപ്പോര്‍ട്ട്. യാതൊരു തരത്തിലുള്ള ആലോചനകളും നടത്താതെയാണ് ചാണ്ടി ഉമ്മനെ മന്ത്രിസ്ഥാനത്തില്‍നിന്ന് ഒഴിവാക്കിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. വിഷയത്തില്‍ പ്രതിഷേധം ഹൈക്കമാന്‍ഡിനെ ഇതിനകം അറിയിച്ചതായും സൂചനയുണ്ട്. ബെന്നി ബെഹനാന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ അസന്തോഷം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പരസ്യ പ്രതികരണങ്ങളിലൂടെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വം.
അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ചാണ്ടി ഉമ്മന് മന്ത്രിസഭയിലെത്താനുള്ള എല്ലാ യോഗ്യതയും ഉണ്ടായിരുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരും ചിത്രവും വ്യാപകമായി ഉപയോഗിച്ച ശേഷം, അദ്ദേഹത്തിന്റെ മകനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത് ഉമ്മന്‍ ചാണ്ടിയോടുള്ള അവഗണനയായാണ് നേതാക്കള്‍ കാണുന്നത്. ചാണ്ടി ഉമ്മന് ഓര്‍ത്തഡോക്‌സ് സഭയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നുവെന്നും ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മന്ത്രിസ്ഥാനത്തിനായി താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നാണ് ചാണ്ടി ഉമ്മന്‍റെ പ്രതികരണം. ജനങ്ങളുടെയും മാധ്യമങ്ങളുടെയും സ്‌നേഹമാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിവെച്ചതെന്നും, ജനങ്ങള്‍ കാണിച്ച വഴിയിലൂടെയാണ് മുന്നോട്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നേരിട്ട് ഇടപെട്ടേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പരാതികളുണ്ടെങ്കില്‍ അവ നേരിട്ട് കേട്ട് പരിഹരിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ലത്തീന്‍ സഭയുടെ ആശങ്കകള്‍ കേള്‍ക്കാന്‍ നേരിട്ട് എത്തിയ സംഭവം ഇതിന് ഉദാഹരണമായും പറയപ്പെടുന്നു. ചാണ്ടി ഉമ്മന്റെ വിഷയത്തിലും സമാനമായ അനുനയ നീക്കങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. മന്ത്രിസഭയിലെ വകുപ്പ് വിഭജന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എ ഗ്രൂപ്പിനകത്തെ ഈ അതൃപ്തി പുറത്തുവന്നിരിക്കുന്നത്. അടുത്ത ദിവസങ്ങളിലെ പാര്‍ട്ടി യോഗങ്ങളില്‍ വിഷയം ഗൗരവമായി ചര്‍ച്ചയായേക്കുമെന്ന വിലയിരുത്തലും നിലനില്‍ക്കുന്നു.













