ഇനിയും പ്രഖ്യാപനമില്ലാതെ മുഖ്യമന്ത്രിപദം; പാണക്കാട് മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

സംസ്ഥാനത്ത് കോൺഗ്രസിൻ്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകെ നേതൃയോഗം ആരംഭിച്ച് മുസ്ലിം ലീഗ്. പി കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, എം.പി അബ്‌ദുസമദ് സമാദാനി, പി.വി അബ്‌ദുൾ വഹാബ് എം.പി എന്നിവർ പാണക്കാട്ട് എത്തി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ 8 ഉന്നത നേതാക്കൾ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചർച്ചയാകും. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനിടെയാണ് മുസ്ലിം ലീഗ് യോഗം.

യുഡിഎഫ്, മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്. ലീഗിന്റെ മന്ത്രിസ്ഥാനങ്ങൾ, വകുപ്പുകൾ തുടങ്ങിയ കാര്യങ്ങളിലും ഇന്നത്തെ യോഗത്തിൽ ധാരണയുണ്ടായേക്കും. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇന്ന് ഡൽഹിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വി.ഡി സതീശനായി ലീഗ് നടത്തുന്ന ശക്തമായ വാദം ഹൈക്കമാൻഡ് തീരുമാനത്തിൽ സ്വാധീനം ചെലുത്തുമെന്നാണ് സൂചന.

അതേസമയം, 102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിനാൽ‌, അതിനു കാത്തുനിൽക്കാതെ അടിയന്തര യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു.

Chief Minister’s post still unannounced; Muslim League leadership meeting begins at Panakkad