
ഇറാന് ആയുധങ്ങൾ കൈമാറുന്നു എന്നാരോപിച്ച് വ്യാപാര താരിഫുകൾ വർദ്ധിപ്പിക്കാനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ചൈന. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അമേരിക്കൻ നടപടികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൻശക്തികൾ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന കാഴ്ചയാണ് ഇതിലൂടെ പ്രകടമാകുന്നത്.
ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത് ചൈനയുടെ ചരക്ക് നീക്കത്തെയും ഊർജ്ജ സുരക്ഷയെയും ബാധിച്ചിട്ടുണ്ട്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും ഉഭയകക്ഷി ബന്ധങ്ങളിലും അമേരിക്ക ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുൻ വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച യുഎസ് നാവിക ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാനുമായുള്ള തങ്ങളുടെ കരാറുകൾ തുടരുമെന്നും ചൈന പ്രഖ്യാപിച്ചു.
രാജ്യത്തിനാവശ്യമായ ഇന്ധനത്തിന്റെ വലിയൊരു ഭാഗം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത് എന്നതിനാൽ ഈ മേഖലയിലെ ഏത് നിയന്ത്രണവും ചൈനയെ സംബന്ധിച്ച് അതീവ ഗൗരവകരമാണ്. പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് പറയുമ്പോഴും അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങളെ ചെറുക്കുമെന്ന് തന്നെയാണ് ചൈനയുടെ നിലപാട്. ഹോർമുസ് പാത തങ്ങൾക്കായി എപ്പോഴും തുറന്നിരിക്കുമെന്നും ചൈനീസ് ഉദ്യോഗസ്ഥർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
China issues stern warning to US over Hormuz blockade and potential trade tariffs














