
ടെഹ്റാൻ: അയൽരാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെക്കാൻ വ്യോമയാന മന്ത്രാലയങ്ങളിൽ നിന്ന് യാതൊരുവിധ ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇറാന്റെ ദേശീയ വിമാനക്കമ്പനിയായ ‘ഇറാൻ എയർ’ വ്യക്തമാക്കി. ഇറാന്റെ വ്യോമയാന മേഖലയ്ക്ക് മേൽ അമേരിക്ക കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇറാൻ എയർ നിലപാട് പരസ്യമാക്കിയത്.
ഇസ്താംബൂൾ, ബാക്കു, നജഫ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി, അസർബൈജാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലെ അധികൃതരിൽ നിന്നും നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കുന്നു. എന്നാൽ, ലോകമെമ്പാടുമുള്ള ഇറാന്റെ മുഴുവൻ എയർലൈൻ സർവീസുകളും അമേരിക്കൻ ഉപരോധത്തിലൂടെ പൂർണ്ണമായും സ്തംഭിപ്പിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുകയോ, ലാൻഡിംഗ് സൗകര്യങ്ങൾ ഒരുക്കുകയോ, ടിക്കറ്റ് വിൽപ്പന നടത്തുകയോ ചെയ്യുന്ന ഏതൊരു വിദേശ സ്ഥാപനത്തെയും ഡോളർ അധിഷ്ഠിത ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പൂർണ്ണമായി പുറത്താക്കുമെന്നാണ് അമേരിക്കൻ മുന്നറിയിപ്പ്. ഇരുകൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വിമാന സർവീസുകളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്.















