വീട് സന്ദർശിച്ചതിൽ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഛിദ്രശക്തികളെന്ന് ഗോപാലകൃഷണൻ; സിപിഎമ്മിന് പങ്കില്ലെന്ന് ഐസക്കും അബ്ദുൽ ഖാദറും

തൃശ്ശൂർ: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ച നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് മുതിർന്ന നേതാവ് തോമസ് ഐസക്. മമ്മൂട്ടി മഹാനായ കലാകാരനാണെന്നും സ്വന്തം അഭിപ്രായം വച്ചുപുലർത്തുന്ന ഒരാളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്തതിനെ പേരെടുത്ത് വിമർശിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും ഐസക് പറഞ്ഞു. മമ്മൂട്ടിയെ പിന്തുണച്ച് സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറും രംഗത്തെത്തിയിട്ടുണ്ട്. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യർ മരണത്തിലും വിവാഹത്തിലും പങ്കെടുക്കാറുണ്ടെന്നും ബന്ധങ്ങളുടെ വൃത്തങ്ങൾ ചുരുക്കുകയല്ല, വിപുലപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബി. ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹ ദിവസം എത്തുവാൻ സാധിക്കാത്തതിനാലാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മമ്മൂട്ടി അദ്ദേഹത്തിന്റെ തൃശ്ശൂർ ഗാന്ധിനഗറിലെ വീട്ടിലെത്തി ആശംസകൾ അറിയിച്ചത്. തുടർന്ന് വീട്ടുസന്ദർശനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടത്.

അതേസമയം, മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ കേരളം ഒരുമിച്ച് പോകാൻ ആഗ്രഹിക്കാത്ത ഛിദ്രശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. സൗഹൃദങ്ങൾക്ക് ലക്ഷ്മണരേഖയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മകളുടെ കല്യാണത്തിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് പ്രൊഫൈലുകളിൽ നിന്നടക്കം വ്യാജ പ്രചാരണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സൈബർ ആക്രമണങ്ങളെ തള്ളി സി.പി.എം ഔദ്യോഗികമായി രംഗത്തുവന്നത്.

CPM Has No Role in Cyber Attack Against Mammootty: Thomas Isaac; BJP and CPM Extend Support

More Stories from this section

family-dental
witywide