
കാസർകോട്: റവന്യൂ മന്ത്രി എ. പി. അനിൽ കുമാറിന്റെ പേഴ്‌സണൽ സ്റ്റാഫിൽ സഭ നിർദ്ദേശിച്ച വ്യക്തിയെ നിയമിച്ചതിൽ മന്ത്രിയോട് പരസ്യമായി നന്ദി അറിയിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റവന്യൂ വകുപ്പിൽ സഭയ്ക്ക് സ്വീകാര്യനായ ആരെ വേണമെങ്കിലും നിർദ്ദേശിക്കാമെന്നും അവരെ സ്റ്റാഫിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി മുൻപ് ഉറപ്പ് നൽകിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. കാസർകോട് നടന്ന ‘ജെൻസി’ യുവജന ദിനാഘോഷ വേദിയിൽ മന്ത്രി എ. പി. അനിൽ കുമാറിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ബിഷപ്പിന്റെ പരസ്യ പ്രതികരണം.
ആദ്യം ഇത് മന്ത്രിയുടെ ഒരു ഭംഗിവാക്കായി മാത്രമാണ് കരുതിയതെന്നും എന്നാൽ പറഞ്ഞ വാക്ക് അദ്ദേഹം പൂർണ്ണമായും പാലിച്ചെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സ്റ്റാഫ് നിയമനം സാധ്യമായതോടെ മലയോര മേഖലയിലെയും മറ്റും വിവിധ ഭൂപ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ ഇപ്പോൾ സഭയ്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെയും ബിഷപ്പിന്റെയും സാന്നിധ്യത്തിലുണ്ടായ ഈ പരസ്യ നന്ദിപ്രകടനം രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Church’s Choice Appointed to Staff: Bishop Pamplany Publicly Thanks Minister AP Anil Kumar














