
ഇടുക്കി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിന് വോട്ട് ചെയ്തവരെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം എം മണി രംഗത്ത്. യുഡിഎഫിനെ പിന്തുണച്ചവർ തെറ്റിദ്ധാരണയിൽപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനതലത്തിൽ ഉണ്ടായ തിരിച്ചടിയാണ് ഇടുക്കിയിലും പ്രതിഫലിച്ചതെന്നും വോട്ട് കുറഞ്ഞത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം സമ്മതിച്ചു. ഇടതുമുന്നണിക്ക് ശക്തമായ തിരിച്ചടിയാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയം തളർത്തില്ലെന്നും വീണ്ടും ജനങ്ങളിലേക്കിറങ്ങി പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മണി പറഞ്ഞു. സിപിഎം തിരഞ്ഞെടുപ്പിനെ മാത്രം ആശ്രയിച്ചുള്ള പാർട്ടിയല്ല. പല രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങൾ തോറ്റത് സത്യമാണ്. വോട്ട് കുറഞ്ഞതുകൊണ്ടാണ് പരാജയം സംഭവിച്ചത്. ഇത് ശക്തമായ തിരിച്ചടിയാണ്. എന്നാൽ തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനപ്പെടുത്തി ഞങ്ങളെ വിലയിരുത്തരുത്. സംസ്ഥാനതലത്തിൽ ഉണ്ടായ മാറ്റമാണ് ഇടുക്കിയിലും ഉണ്ടായത്; പ്രത്യേകിച്ച് ഉടുമ്പഞ്ചോലയിൽ മാത്രം സംഭവിച്ച കാര്യമല്ല,” അദ്ദേഹം പറഞ്ഞു.
“ഒരു തോൽവിയെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ടതില്ല. ഇനി കൂടുതൽ ശക്തിയായി പ്രവർത്തിച്ച് തിരിച്ചുവരും. ഇതെല്ലാം ഞങ്ങൾ നേരിടും. യുഡിഎഫിന് വോട്ട് ചെയ്തവർ തെറ്റായ വിലയിരുത്തലിലാണ് ആ തീരുമാനം എടുത്തത്. അവർക്ക് വോട്ട് ചെയ്ത ആളുകൾ വിഡഢികളാ. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് പെട്ടിക്കകത്താകുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ പറ്റി എന്നാ പറയാനാ. ഇനി അവന്മാരെന്നാ ഉണ്ടാക്കാൻ പോകുന്നേന്ന് അറിയില്ല. നാറാൻ പോകുവാ നാടുമുഴുവനുമെന്നും അദ്ദേഹം പരിഹസിച്ചു.











