
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ വകുപ്പിൽ നിയമിക്കുന്നതിനെതിരെ വനം മന്ത്രി ഷിബു ബേബി ജോൺ പരസ്യ നിലപാട് സ്വീകരിച്ചതോടെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ (പി.ആർ.ഡി.) അസാധാരണ സ്ഥലം മാറ്റം. വനം വകുപ്പിന്റെ പബ്ലിക് റിലേഷൻസ് ഓഫീസറായി (പി.ആർ.ഒ.) ചുമതലയേറ്റ് അഞ്ചു ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥനെ ഇവിടെ നിന്നും അടിയന്തിരമായി മാറ്റി ഉത്തരവിറങ്ങി. വനം വകുപ്പ് പി.ആർ.ഒ. സ്ഥാനത്തുനിന്നും മാറ്റി പ്രതിഷ്ഠിച്ച അഭിലാഷ് എസിന് അഞ്ച് ദിവസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ സ്ഥലം മാറ്റമാണിത്.
കഴിഞ്ഞ പത്ത് വർഷത്തോളമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പി.ആർ. വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ് എസ്. എന്നാൽ ഭരണമാറ്റത്തിന് പിന്നാലെ ഇദ്ദേഹത്തെ വനം വകുപ്പിലേക്ക് മാറ്റുകയായിരുന്നു. പിണറായി വിജയന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ തന്റെ വകുപ്പിൽ തുടരുന്നത് ഭരണപരമായ തീരുമാനങ്ങളെ ബാധിച്ചേക്കാം എന്ന രാഷ്ട്രീയ വിലയിരുത്തലിലാണ് മന്ത്രി ഷിബു ബേബി ജോൺ ഈ നിയമനത്തിനെതിരെ കടുത്ത നിലപാട് എടുത്തതെന്നാണ് സൂചന. മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് വകുപ്പിൽ അടിയന്തര അഴിച്ചുപണിക്ക് സർക്കാർ തയ്യാറായത്.
ഭരണമാറ്റത്തിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തിൽ സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ഒരു ഉദ്യോഗസ്ഥനെ നിയമിച്ച് ദിവസങ്ങൾക്കകം മന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി വീണ്ടും മാറ്റുന്നത് അസാധാരണ നടപടിയായാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ കാണുന്നത്. സി.പി.എം. കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിന്നും അകറ്റി നിർത്തുക എന്ന പുതിയ സർക്കാരിന്റെ രാഷ്ട്രീയ നയത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അഭിലാഷിനെ വനം വകുപ്പിൽ നിന്നും മാറ്റിയ സ്ഥിതിക്ക് പകരം ആരെ നിയമിക്കുമെന്ന കാര്യത്തിൽ പി.ആർ.ഡി. ഉടൻ തീരുമാനമെടുക്കും.
Forest Minister Shibu Baby John Rejects Ex-CM Pinarayi’s Official Leading to Unusual Second Transfer in 5 Days















