കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ടിയെ സിഎംആർഎൽ -എക്സാലോജിക് ഇടപാട് കേസിൽ ഇന്നും ഇഡി ചോദ്യം ചെയ്തു. കൊച്ചിയിലെ എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇത് രണ്ടാംവട്ടമാണ് വീണയെ ഇഡി ചോദ്യംചെയ്യുന്നത്.
ഇഡി ഓഫീസിൽ രാവിലെ ഒൻപതരയോടെയാണ് വീണ എത്തിയത്. പത്തരയോടെ ചോദ്യംചെയ്യൽ ആരംഭിച്ചു. അടുത്ത ചോദ്യംചെയ്യലിന്റെ തീയതി വ്യക്തമല്ല. ഉടനുണ്ടാകുമെന്നാണ് സൂചന. മുമ്പ്, വീണയ്ക്കെതിരെയുള്ള അന്വേഷണത്തിൻ്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകൾ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു.
കൊച്ചിയിലെ കമ്പനികാര്യ കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഇഡി നൽകിയ അപേക്ഷയെ തുടർന്നായിരുന്നു നടപടി. ഈ നീക്കത്തെ സിഎംആർഎൽ കോടതിയിൽ എതിർത്തെങ്കിലും തടസ്സവാദങ്ങൾ തള്ളിക്കൊണ്ട് രേഖകൾ കൈമാറാൻ കോടതി ഉത്തരവിടുകയായിരുന്നു. കേസിൽ ഇതുവരെ വീണ ഉൾപ്പെടെ ഏഴുപേരെയാണ് ഇഡി ചോദ്യം ചെയ്തിട്ടുള്ളത്.
CMRL-Exalogic deal; ED questions Veena again today












