
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ (3.49 ലക്ഷം ദിർഹം) അയച്ചുവെന്നും ഹവാല ഇടപാട് നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മെയ് 27-ന് വീണയുടെയും സിഎംആർഎൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. തങ്ങളുടെ വരുമാന സ്രോതസ്സുകൾക്കും അപ്പുറത്തുള്ള തുക ഇവർ കൈകാര്യം ചെയ്തിരുന്നതായും ഇഡി വ്യക്തമാക്കുന്നു.
മെയ് മാസത്തിൽ നടത്തിയ പരിശോധനയിൽ വീണയുടെ കൈപ്പടയിലുള്ള ഡയറി കണ്ടെത്തിയിരുന്നു. പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ തുക എന്നിവ ദിർഹമിലും ഇന്ത്യൻ രൂപയിലുമായി ഈ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. കൂടാതെ, ഹവാല ചാനലുകൾ വഴി പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധനയിൽ ലഭിച്ചിട്ടുണ്ട്. ഡയറിയിൽ പേരുണ്ടായിരുന്ന മുഴുവൻ വ്യക്തികളെയും സിം കാർഡ് നൽകിയ വ്യക്തിയെയും നിലവിൽ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇഡി കൂട്ടിച്ചേർത്തു.
വൈഫൈ റൂട്ടറിൽ ഉപയോഗിക്കുന്നതിനായി മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രം വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയങ്ങൾക്കായാണ് മറ്റൊരു വ്യക്തിയുടെ പേരിൽ ഈ സിമ്മും വൈഫൈ റൂട്ടറും സംഘടിപ്പിച്ചതെന്ന് ഇഡി സംശയിക്കുന്നു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ED Makes Serious Allegations Against Veena Vijayan; Claims Evidence of Hawala Transactions and Fund Transfer to Dubai













