നിലംതൊടാതെ മാണി കേരള കോൺഗ്രസും ഇടതുപക്ഷവും; കോട്ടയത്ത് സമ്പൂർണ തോൽവിയേറ്റ് എൽഡിഎഫ്, യുഡിഎഫിന്റെ ക്ലീൻ സ്വീപ്!

കോട്ടയം: കോട്ടകൾ തകരുകയും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയും ചെയ്ത നിയമസഭാ തിരഞ്ഞെടുപ്പിൽ, കോട്ടയം ജില്ലയിൽ യുഡിഎഫിന്റെ ക്ലീൻ സ്വീപ്! പാരമ്പര്യമായി വലതുപക്ഷത്തിനൊപ്പം നിന്നിരുന്ന ജില്ല, 2021-ൽ കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞെങ്കിലും, അഞ്ച് വർഷത്തിനിപ്പുറം ആ തീരുമാനത്തെ തിരുത്തിക്കുറിക്കുന്നതാണ് ജനവിധി. പാലായിൽ ജോസ് കെ. മാണിയുടെ പരാജയവും ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവന്റെ വലിയ വീഴ്ചയുമുൾപ്പെടെ എൽ.ഡി.എഫിന് കനത്ത പ്രഹരമേറ്റപ്പോൾ, സിപിഐ ശക്തികേന്ദ്രമായ വൈക്കം പിടിച്ചെടുത്തതടക്കം ഒൻപത് മണ്ഡലങ്ങളിലും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. ജില്ലയിൽ ആറ് സീറ്റുകളിൽ കോൺഗ്രസ് എംഎൽഎമാർ വിജയിച്ചു കയറി. രണ്ട് സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒരു സീറ്റിൽ മാണി സി. കാപ്പനും വിജയിച്ചു.

ഭരണവിരുദ്ധ വികാരവും സാമുദായികധ്രുവീകരണവും ഒരുപോലെ പ്രതിഫലിച്ച ഈ ഫലം, കേരള കോൺഗ്രസ് എമ്മിന്റേയും ജോസ് കെ.മാണിയുടെയും പ്രസക്തിയെപ്പോലും ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിട്ടുണ്ട്. ജോർജിനെതിരായ ന്യൂനപക്ഷ വികാരം എൽഡിഎഫിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടതാണ് കഴിഞ്ഞ തവണ കുളത്തുങ്കലിന്റെ വിജയം അനായാസമാക്കിയത്. പി.സി. ജോർജ് എൻഡിഎയുടെ ഭാഗമായതോടെ ഇവിടുത്തെ മത്സരചിത്രം കടുക്കുമെന്നാണ് പ്രതീക്ഷിച്ചത്. 35,573 വോട്ടുകൾ പി.സി. ജോർജ് പിടിക്കുകയും ചെയ്തു. എന്നാൽ പി.സി. ജോർജിന്റെ സ്വാധീനവും യു.ഡി.എഫ് വോട്ടുകളുടെ ഏകീകരണവും എം.ജെ. സെബാസ്റ്റ്യനെ വിജയത്തിലെത്തിച്ചു. ക്രൈസ്തവ മേഖലകളിൽ സർക്കാരിനെതിരെ രൂപപ്പെട്ട സാമൂഹിക-രാഷ്ട്രീയ ധ്രുവീകരണവും ഗുണമായി എന്ന് വേണം കരുതാൻ. കേരള കോൺഗ്രസുകളുടെ നേർക്കുനേർ പോര് നടന്ന ചങ്ങനാശ്ശേരിയിൽ ജയം ജോസഫ് ഗ്രൂപ്പിനൊപ്പം നിന്നു. സിറ്റിങ് എംഎൽഎ ജോബ് മൈക്കിളിനെ 8,368 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് സ്ഥാനാർഥി വിനു ജോബ് തോൽപ്പിച്ചത്.

ദീർഘകാലം ജനപ്രതിനിധിയായിരുന്ന സി.എഫ്. തോമസ് എന്ന അതികായന്റെ വിയോഗം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ചിരുന്നു. 2021-ൽ സി.എഫ്. തോമസിന്റെ വിയോഗശേഷം എൽ.ഡി.എഫിൽ എത്തിയ ജോസ് കെ. മാണി വിഭാഗത്തിലെ അഡ്വ. ജോബ് മൈക്കിൾ 6,059 വോട്ടുകൾക്ക് യു.ഡി.എഫിന്റെ വി.ജെ. ലാലിയെ പരാജയപ്പെടുത്തി മണ്ഡലം ചുവപ്പിച്ചത്. പക്ഷേ, ഇത്തവണ ഘടകകക്ഷിയെന്ന നിലയിൽ ഇടതുപക്ഷത്തിന് വോട്ട് എത്തിക്കാൻ കേരള കോൺഗ്രസിന് (എം) സാധിച്ചില്ല. കേരള കോൺഗ്രസ് (എം) വോട്ടുകളിൽ ഉണ്ടായ വിള്ളൽ വെല്ലുവിളിയായപ്പോൾ ഭരണവിരുദ്ധ വികാരം മറി കടക്കാൻ സിറ്റിങ് എം.എൽ.എ കൂടിയായ ജോബ് മൈക്കിളിന് സാധിച്ചില്ല. എൻ.ഡി.എ. സ്ഥാനാർഥി ബി. രാധാകൃഷ്ണമേനോന് കാര്യമായ വോട്ട് പിടിക്കാനായില്ല. കോട്ടയം ജില്ലയിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയവരിലൊരാൾ മന്ത്രി വി.എൻ. വാസനാണ്.

വി.ഡി. സതീശൻ ഉന്നയിച്ച ‘ഡീൽ ആരോപണ’ത്തിലൂടെ ശ്രദ്ധ നേടിയ ഏറ്റുമാനൂരിൽ വാസവനെതിരേ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷാണ് കോൺഗ്രസിനായി അട്ടിമറി വിജയം നേടിയത്. 2021-ൽ വാസവൻ 14,303 വോട്ടുകൾക്ക് വിജയിച്ച ഏറ്റുമാനൂരിൽ ഇത്തവണ 19,752 വോട്ടുകൾക്കാണ് സുരേഷിന്റെ വിജയം. ശക്തമായ ഭരണവിരുദ്ധ വികാരം മന്ത്രിയെന്ന പദവിയെപ്പോലും നിഷ്പ്രഭമാക്കി. കഴിഞ്ഞ തവണ എൻഡിഎയ്ക്കായി ബി.ഡി.ജെ.എസ്. മത്സരിക്കുകയും മുപ്പതിനായിരത്തിനടുത്ത് വോട്ട് പിടിക്കുകയും ചെയ്ത മണ്ഡലം ട്വന്റി ട്വന്റിക്ക് നൽകി കൈവിട്ട രാഷ്ട്രീയ പരീക്ഷണമാണ് എൻഡിഎ നടത്തിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആതിര ഡി. നായരെ സ്ഥാനാർഥിയായി ഇറക്കിയെങ്കിലും ഇത് പാടെ പരാജയപ്പെട്ടു. 12,975 വോട്ടുകൾ മാത്രമാണ് ആതിരയ്ക്ക് ലഭിച്ചത്. മറ്റൊരു വലിയ അട്ടിമറിക്ക് സാക്ഷ്യം വഹിച്ചത് വൈക്കമാണ്. സി.പി.ഐയുടെ ഉറച്ച കോട്ടയായ കരുതുന്ന വൈക്കം ശക്തമായ പോരാട്ടത്തിലൂടെ കോൺഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് തവണയും വിജയിച്ച സി.കെ. ആശക്ക് പകരം പി. പ്രദീപിനെ സി.പി.ഐ. സ്ഥാനാർഥി പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഭരണവിരുദ്ധ വികാരം ഗ്രാമങ്ങളിൽ പോലും അലയടിച്ചതും സി.പി.ഐ-സി.പി.എം പ്രാദേശിക തർക്കങ്ങളും വിനയായി എന്ന് വേണം കരുതാൻ.

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയിൽ വിള്ളലുണ്ടാക്കാൻ ബിനിമോന്റെ ജനകീയ ഇടപെടലുകൾക്കായെന്ന് വേണം അനുമാനിക്കാൻ. മുൻപെങ്ങുമില്ലാത്തവിധം എൽ.ഡി.എഫ് വിരുദ്ധ വോട്ടുകൾ യു.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചതും വിജയത്തിന് കാരണമായി. സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കെ. അജിത്തായിരുന്നു മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. അജിത്ത് എൻ.ഡി.എ. ടിക്കറ്റിൽ എത്തിയതോടെ മത്സരം കടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചതാകട്ടെ ചാണ്ടി ഉമ്മനാണ്. അരനൂറ്റാണ്ടിനുശേഷം ഉമ്മൻചാണ്ടിയില്ലാതെ പുതുപ്പള്ളി മണ്ഡലം നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അരലക്ഷത്തിലധികം ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മന്റെ വിജയം. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 37,719 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം നേടിയിരുന്നു. ഉമ്മൻ ചാണ്ടിയെന്ന വൈകാരിക ഘടകം ഇപ്പോഴും മണ്ഡലത്തിൽ സജീവമാണെന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നത്. യുവ വോട്ടർമാരുടെ ഏകീകരണം റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് എത്തിച്ചു.

മുതിർന്നനേതാവ് കെ.എം. രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കി സിപിഎം നടത്തിയ പരീക്ഷണമാകട്ടെ വിജയിച്ചുമില്ല. ബി.ജെ.പിയിലെ രവീന്ദ്രനാഥ് വാകത്താനത്തിനും കാര്യമായി വോട്ട് പിടിക്കാനായില്ല. കോട്ടയത്ത് ഇത്തവണയും തിരുവഞ്ചൂരിന്റെ വിജയക്കുതിപ്പിന് തടയിടാൻ സിപിഎമ്മിനായില്ല. 35,986 വോട്ടുകൾക്കാണ് തിരുവഞ്ചൂരിന്റെ വിജയം. സി.പി.എം സ്ഥാനാർത്ഥി കെ. അനിൽകുമാറിന് തിരുവഞ്ചൂർ എന്ന അതികായനെ മറികടക്കാനുള്ള രാഷ്ട്രീയ ആയുധങ്ങൾ കുറവായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവമാണ് കോട്ടയത്ത് യു.ഡി.എഫിന്റെ കരുത്ത്. തിരുവഞ്ചൂർ എന്ന ജനകീയ നേതാവിന്റെ കരുത്തിലാണ് കോട്ടയം മണ്ഡലം യു.ഡി.എഫിനൊപ്പം നിൽക്കുന്നത്. തിരുവഞ്ചൂരിന്റെ ക്ലീൻ ഇമേജും നഗര വോട്ടർമാർക്കിടയിൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയും ഗുണമായി. 2026-ൽ കോട്ടയം നൽകുന്ന സന്ദേശം വ്യക്തമാണ്; ജില്ലയിൽ എൽ.ഡി.എഫിന് കരുത്താകുമെന്ന് കരുതിയ കേരള കോൺഗ്രസ് (എം) യഥാർത്ഥത്തിൽ സി.പി.എമ്മിന് ബാധ്യതയായി മാറി. അവരുടെ പരമ്പരാഗത വോട്ടുകൾ പോലും ഇടതുപക്ഷത്തേക്ക് മാറിയില്ല. മാത്രമല്ല, സി.പി.എം പ്രവർത്തകർക്കിടയിൽ കേരള കോൺഗ്രസിനോടുള്ള വിമുഖത വോട്ട് കുറയുന്നതിനും കാരണമായി. സഭകളും സമുദായ സംഘടനകളും സർക്കാരിൽ നിന്ന് അകന്നതും കോട്ടയത്ത് എൽ.ഡി.എഫിന് തിരിച്ചടിയായി. പത്തു വർഷത്തെ ഭരണം ജനങ്ങളിൽ മാറ്റത്തിനായുള്ള ദാഹം സൃഷ്ടിച്ചു. അഴിമതി ആരോപണങ്ങളും സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരെ സർക്കാരിനെതിരെ ചിന്തിപ്പിച്ചുവെന്ന് വേണം കരുതാൻ.

More Stories from this section

family-dental
witywide