മുഖ്യമന്ത്രി പോര് കടുക്കുന്നു, 40 ലധികം എംഎൽഎമാരുടെ പിന്തുണയെന്ന കെസി പക്ഷത്തിന്‍റെ വാദം തള്ളി എതിർചേരികൾ; 35 കൂടെയുണ്ടെന്ന് വിഡി ചേരി, 23 ഒപ്പമെന്ന് ചെന്നി പക്ഷം

കേരളത്തിൽ അധികാരം പിടിച്ചതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എംഎൽഎമാരുടെ മനസ്സറിയാൻ നിർണായക നീക്കങ്ങൾ നടക്കുമ്പോൾ, അവകാശവാദങ്ങളുമായി മൂന്ന് പ്രമുഖ പക്ഷങ്ങളും രംഗത്തെത്തി. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ എംഎൽഎമാർ അണിനിരക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകളെച്ചൊല്ലി വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.

കെ.സി. വേണുഗോപാലിന് 40-ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ ആരോപിക്കുന്നു. കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് അഭിപ്രായം തേടിയപ്പോൾ ആദ്യമുണ്ടായിരുന്ന പല കണക്കുകളും മാറിയെന്നാണ് സൂചന. കെ.സി. പക്ഷത്തിന് ലഭിച്ചിരുന്ന പല ഉറച്ച വോട്ടുകളും വ്യക്തിഗത കൂടിക്കാഴ്ചയിൽ മറ്റു നേതാക്കൾക്ക് അനുകൂലമായതായി എതിർചേരികൾ അവകാശപ്പെടുന്നു.

നിലവിൽ 30 മുതൽ 35 വരെ എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് സതീശൻ പക്ഷം അവകാശപ്പെടുന്നത്. അതേസമയം, 23 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ചെന്നിത്തല പക്ഷവും ഉറപ്പിച്ചു പറയുന്നു. എംഎൽഎമാരുടെ മനസ്സിലിരിപ്പ് നേരിട്ട് ബോധ്യപ്പെട്ട നിരീക്ഷകർ ഹൈക്കമാൻഡിന് നൽകുന്ന റിപ്പോർട്ട് കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ നിർണായകമാകും. വരും ദിവസങ്ങളിൽ ദില്ലിയിൽ നടക്കുന്ന ചർച്ചകളോടെയാകും പത്ത് വർഷത്തിന് ശേഷമുള്ള കേരളത്തിന്റെ അമരക്കാരൻ ആരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

Congress CM Race Intensifies in Kerala; Rival Camps Challenge Each Other Over MLA Support Counts

More Stories from this section

family-dental
witywide