
യുഡിഎഫ് വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ദില്ലിയിലേക്ക് മാറുന്നു. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ ചർച്ചകൾ പൂർത്തിയാക്കി മടങ്ങി. എംഎൽഎമാരുടെ പിന്തുണയാണ് പ്രധാനമെന്ന് നിരീക്ഷകർ വ്യക്തമാക്കിയെങ്കിലും, ഘടകകക്ഷികൾ വി ഡി സതീശനായി ഉറച്ചുനിൽക്കുന്നത് ഹൈക്കമാൻഡിന് വലിയ വെല്ലുവിളിയാണ്. ശനിയാഴ്ച വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ സി വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത്. 45 എംഎൽഎമാരുടെ പിന്തുണ കെസി പക്ഷം പറയുമ്പോൾ, വി ഡി സതീശൻ പക്ഷം 35 പേരുടെയും രമേശ് ചെന്നിത്തല പക്ഷം 23 പേരുടെയും പിന്തുണ അവകാശപ്പെടുന്നു. എന്നാൽ, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സിറ്റിംഗ് എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലൂടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കെസിയെ പരോക്ഷമായി എതിർത്തപ്പോൾ, പൊതുവികാരം മാനിച്ചില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ആർഎസ്പിയും മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം എഐസിസി അധ്യക്ഷന് വിട്ടുകൊണ്ടുള്ള പ്രമേയം നിയമസഭാ കക്ഷി യോഗം പാസ്സാക്കിയിട്ടുണ്ട്. എംഎൽഎമാരുടെ എണ്ണത്തിനപ്പുറം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും പൊതുജനവികാരവും പരിഗണിക്കണമെന്നാണ് സതീശൻ പക്ഷത്തിന്റെ ആവശ്യം. താനല്ല തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ സതീശൻ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന സൂചനകൾക്കിടെ, തെരുവിലേക്ക് പ്രതിഷേധം പടരുന്നത് ഹൈക്കമാൻഡിന് തീരുമാനമെടുക്കുന്നത് ദുഷ്കരമാക്കുന്നു. വരും ദിവസങ്ങളിൽ ദില്ലിയിൽ നടക്കുന്ന ചർച്ചകളാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുക.
Congress CM race moves to Delhi; UDF allies back Satheesan while KC camp claims majority support among MLAs













