
ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. എന്നാൽ, ടി.വി.കെ രൂപീകരിക്കുന്ന സഖ്യത്തിൽ നിന്ന് ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികളെ പൂർണ്ണമായും മാറ്റിനിർത്തണമെന്ന കർശന നിബന്ധനയോടെയാണ് പിന്തുണയെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട തമിഴ്‌നാട്ടിൽ 108 സീറ്റുകളാണ് വിജയിയുടെ പാർട്ടി നേടിയത്. രണ്ട് സീറ്റുകളിൽ വിജയിച്ച വിജയ് ഒരെണ്ണം രാജിവെക്കുന്നതോടെ ടി.വി.കെയുടെ സീറ്റ് നില 107 ആയി മാറും. ഈ സാഹചര്യത്തിലാണ് അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസിൻ്റെ പിന്തുണ തേടി വിജയ് ഹൈക്കമാൻഡിനെ സമീപിച്ചത്.
തമിഴ്‌നാട്ടിലെ യുവാക്കളും ജനങ്ങളും മതേതരവും പുരോഗമനപരവുമായ ഒരു സർക്കാരിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും, ആ ജനവിധിയെ മാനിക്കുക എന്നത് തങ്ങളുടെ ഭരണഘടനാപരമായ കടമയാണെന്നും കോൺഗ്രസ് അയച്ച കത്തിൽ പറയുന്നു. പെരുന്തലൈവർ കാമരാജിൻ്റെ സുവർണ്ണകാലം തിരികെ കൊണ്ടുവരാനും, തന്തൈ പെരിയാറിൻ്റെ സാമൂഹ്യനീതിയും അംബേദ്കറുടെ ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനും ഈ സഖ്യം ശ്രമിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
The President of Tamizhaga Vettri Kazhagam (TVK), Thiru C Vijay, has formally requested the Indian National Congress (INC) to extend its support for forming a government in Tamil Nadu. The people of Tamil Nadu, especially the youth, have delivered a very clear, strong and… pic.twitter.com/Aig79MoRoE
— Tamil Nadu Congress Committee (@INCTamilNadu) May 6, 2026
നിലവിലെ സർക്കാർ രൂപീകരണത്തിന് പുറമെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ, രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയും (CLP) വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, അഞ്ച് കോൺഗ്രസ് എം.എൽ.എമാർ പിന്തുണച്ചാലും സഖ്യത്തിൻ്റെ ആകെ അംഗസംഖ്യ 112-ൽ മാത്രമേ എത്തുകയുള്ളൂ. കേവല ഭൂരിപക്ഷത്തിന് ഇനിയും 6 സീറ്റുകളുടെ കുറവുണ്ട്. ഇതിന് പുറമെ സ്പീക്കർ തിരഞ്ഞെടുക്കപ്പെടുന്നതോടെ സഭയിലെ വോട്ടിംഗ് കരുത്ത് വീണ്ടും കുറയുന്നത് വിജയ് സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയായി തുടരുകയാണ്.
Congress has officially decided to support Vijay in Tamil Nadu.















