നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഭരണം നയിക്കേണ്ടത് ആരെന്ന കാര്യത്തിൽ പ്രമുഖ നേതാക്കളുടെ ക്യാമ്പുകൾ അണിയറയിൽ സജീവമായ നീക്കങ്ങളാണ് നടത്തുന്നത്. വോട്ടെടുപ്പ് പൂർത്തിയായതോടെ എംഎൽഎമാരായി ജയിക്കാൻ സാധ്യതയുള്ള നേതാക്കളെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കാനാണ് ഗ്രൂപ്പ് മാനേജർമാരുടെ ശ്രമം.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ അനുകൂലിക്കുന്ന വിഭാഗങ്ങളാണ് ചർച്ചകളിൽ മുന്നിലുള്ളത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളയാൾക്ക് മുൻഗണന ലഭിക്കുമെന്നതിനാലാണ് ഈ നേരിട്ടുള്ള ഇടപെടൽ. എന്നാൽ, ദേശീയ നേതൃത്വത്തിന്റെ ഭാഗമായ കെ.സി. വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തിൽ ഘടകക്ഷികൾക്കിടയിലുള്ള നിലപാട് ഇനിയും വ്യക്തമായിട്ടില്ല.
അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പരസ്യ പ്രസ്താവനകൾ നടത്തുന്നതിനെതിരെ കെപിസിസി കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം ദീപ ദാസ് മുൻഷി കടുത്ത നിലപാട് സ്വീകരിച്ചതോടെ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നുണ്ടെങ്കിലും സൈബർ ഇടങ്ങളിൽ അണികൾ തമ്മിലുള്ള പോര് ശക്തമാണ്. വി.ഡി. സതീശനെ അനുകൂലിച്ച് ആലുവയിലും എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും ഫ്ലക്സുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത് ഈ വിഭാഗീയതയുടെ തെളിവായി.
വിജയസാധ്യതയുള്ള ചില സ്ഥാനാർത്ഥികളെ ഇതിനകം തന്നെ ഘടകക്ഷി നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചതായും സൂചനയുണ്ട്. അതേസമയം, കെപിസിസി അധ്യക്ഷന്റെ സർക്കുലർ നിലനിൽക്കുന്നതിനാൽ പരസ്യമായ ഗ്രൂപ്പ് കളി ഒഴിവാക്കി രഹസ്യ നീക്കങ്ങളിലൂടെ കരുത്ത് തെളിയിക്കാനാണ് നേതാക്കളുടെ ശ്രമം. ഫലം പുറത്തുവരുന്നതോടെ പാർട്ടിനുള്ളിലെ ഈ വടംവലി കൂടുതൽ പരസ്യമായ പോരിലേക്ക് നീങ്ങാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്.
Congress Leadership Tussle Intensifies Over CM Post Even Before Election Results













