സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; വിവാദമായതോടെ ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കിയെന്ന് കെപിസിസി പ്രസിഡന്റ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരേ സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റിട്ട് കേരളത്തിലെ കോൺഗ്രസ്. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും എക്‌സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാൾക്ക് സംഭവിച്ച വീഴ്ചയാണെന്ന് ഔദ്യോഗികമായി വിശദീകരിക്കുകയും ചെയ്തു. ഡൽഹിയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ അകമ്പടിയോടെ സുപ്രീംകോടതിയിലെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റിട്ട് ഹർജി ഫയൽ ചെയ്യാനിരിക്കെയായിരുന്നു സംസ്ഥാനത്തെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ടിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

‘പ്രിയ സൂര്യകാന്ത്, ക്രമസമാധാന ചുമതല പാലിക്കാൻ നിങ്ങളെക്കൊണ്ട് കഴിയില്ലെങ്കിൽ ഉടൻ രാജിവെച്ചൊഴിയൂ, അതിനു കഴിയുന്ന മറ്റൊരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം’ എന്നായിരുന്നു വിവാദ പോസ്റ്റ്. ഇത് ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായതോടെ കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തരമായി ഇടപെട്ട് പോസ്റ്റ് പിൻവലിപ്പിക്കുകയായിരുന്നു. തുടർന്ന് വിവേകശൂന്യമായ ഈ പ്രവർത്തിക്ക് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കെ.പി.സി.സി. നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് ഔദ്യോഗിക പേജിലൂടെ ഈ പോസ്റ്റിട്ടതെന്നും ഇതേക്കുറിച്ചുള്ള സാഹചര്യം കെ.പി.സി.സി. വിശദമായി പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോൺഗ്രസ് പാർട്ടിക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലെന്നും, ഇതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകൾ കെ.പി.സി.സി.യുടെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Congress X Post Against Chief Justice of India: Deleted Immediately, Person in Charge Removed

More Stories from this section

family-dental
witywide