
സുൽത്താൻ ബത്തേരി: വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധയേറ്റ ബത്തേരി മാർ ബസേലിയോസ് എ.യു.പി. സ്കൂളിലെ കിണറ്റിലെ വെള്ളം ഉപയോഗശൂന്യമെന്ന് ജല പരിശോധനാ റിപ്പോർട്ട്. കിണറ്റിലെ വെള്ളത്തിൽ നിരവധി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതിനിടെ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് കൂടി ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ടായി ഉയർന്നു. കഴിഞ്ഞ ദിവസം മൂന്ന് കുട്ടികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. നിലവിൽ 502 വിദ്യാർത്ഥികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 44 വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സ്കൂളിലെ രോഗബാധയേറ്റ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 27 വിദ്യാർത്ഥികൾക്ക് കൂടി പുതിയതായി രോഗലക്ഷണങ്ങൾ കണ്ടെത്തിയത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്ന സംശയത്തിലാണ് അധികൃതർ. മുൻപ് സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും മാത്രമായിരുന്ന രോഗലക്ഷണമെങ്കിൽ, ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലേക്കും ഇത് പടരുന്നതായാണ് സൂചന. പുതിയതായി രോഗലക്ഷണങ്ങൾ കണ്ട 27 പേരുടെയും സ്രവ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നേരത്തെ പരിശോധനയ്ക്ക് അയച്ച 18 കുട്ടികളുടെ ഫലം കൂടി ഉടൻ പുറത്തുവരും.
രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടുത്ത പ്രതിരോധ നടപടികളാണ് പ്രദേശത്ത് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി 969 കിണറുകൾ ഇതിനകം ക്ലോറിനേറ്റ് ചെയ്തതായി ആരോഗ്യ അധികൃതർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനൊപ്പം പ്രദേശത്തെ മറ്റ് സ്കൂളുകളിലെയും കുടിവെള്ള സ്രോതസ്സുകൾ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Contaminated School Well Water Fueling Shigella Outbreak in Sultan Bathery; Total Cases Rise to Eight















