ജ്യോതിഷിയുടെ വിവാദ നിയമനം : 24 മണിക്കൂറിനകം റദ്ദാക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി വിജയ്‌യുടെ വ്യക്തിഗത ജ്യോതിഷി റിക്കി രഥൻ പണ്ഡിറ്റ് വെട്രിവേലിൻ്റെ ഒഎസ്ഡി (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) നിയമനം തമിഴ്‌നാട് സർക്കാർ റദ്ദാക്കി. നിയമന ഉത്തരവ് പുറത്തിറങ്ങി 24 മണിക്കൂറിനകമാണ് സർക്കാർ നാടകീയമായി പിന്മാറിയത്.

തമിഴക വെട്രി കഴകം (ടിവികെ) വക്താവ് കൂടിയായ വെട്രിവേലിനെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള പ്രത്യേക പദവിയിലാണ് മെയ് 12-ന് നിയമിച്ചത്. എന്നാൽ യുക്തിവാദത്തിന് മുൻഗണന നൽകുന്ന തമിഴ് രാഷ്ട്രീയ സാഹചര്യത്തിൽ ഒരു ജ്യോതിഷിക്ക് ഔദ്യോഗിക പദവി നൽകിയതിനെതിരെ ഭരണകക്ഷി സഖ്യകക്ഷികളും പ്രതിപക്ഷവും രംഗത്തെത്തി. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ നിയമസഭയിൽ ഈ നീക്കത്തെ ശക്തമായി എതിർത്തു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യുടെയും പാർട്ടിയുടെയും വിജയം മുൻകൂട്ടി പ്രവചിച്ചതിലൂടെയാണ് രഥൻ പണ്ഡിറ്റ് ശ്രദ്ധേയനായത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉപദേശകനായിരുന്നു എന്നും ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.

വിവാദം പാർട്ടിയുടെയും സർക്കാരിൻ്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി വിജയ് തന്നെ നിയമനം അടിയന്തിരമായി റദ്ദാക്കാൻ ഉത്തരവിട്ടത്.

Controversial appointment of astrologer: Tamil Nadu government cancels it within 24 hours